Quantcast

'എനിക്കും ചിലത് പറയാനുണ്ട്'; നിയമനത്തട്ടിപ്പിൽ മന്ത്രി വീണാ ജോർജ്

തനിക്കെതിരെയും തന്റെ ഓഫീസിനെതിരെയും ഗൂഢാലോചന നടത്തിയവർ ആദ്യം കാര്യങ്ങൾ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Oct 2023 3:27 AM GMT

Veena George
X

തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്വേഷണം പൂർത്തിയായ ശേഷം തനിക്ക് പറയാനുള്ളത് പറയും. തനിക്കെതിരെയും തന്റെ ഓഫീസിനെതിരെയും ഗൂഢാലോചന നടത്തിയവർ ആദ്യം കാര്യങ്ങൾ പറയട്ടെയെന്നും വീണാ ജോർജ് പറഞ്ഞു.

അതേസമയം, നിയമന കോഴക്കേസിൽ ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ ഹരിദാസനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഹരിദാസനെ വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. ഹരിദാസനെ പ്രതി ചേർക്കുന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ബാസിതിനെ പുലർച്ചെ കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചു. ബാസിതിനെ വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ള പ്രതി റയീസ്, ഹരിദാസൻ എന്നിവരോടൊപ്പമിരുത്തി ബാസിതിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ നിയമനത്തട്ടിപ്പ് പരാതി എഴുതിയത് സുഹൃത്ത് കെ.പി ബാസിത്താണെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകിയിരുന്നു. അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും ഹരിദാസൻ മൊഴി നൽകി. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സംഘം മഞ്ചേരിയിൽ വെച്ചാണ് ബാസിതിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്‍റെ പങ്ക് പൂർണമായി തള്ളിക്കൊണ്ട് ഹരിദാസന്‍റെ മൊഴി പുറത്തുവന്നിരുന്നു.ഇതോടെ കേസിൽ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഢാലോചനയുടെ ആദ്യ ഘട്ടത്തിൽ ഹരിദാസന് പങ്കില്ലെന്നാണ് സൂചന. ഹരിദാസൻ മരുമകൾക്ക് തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടില്ലെന്ന്‌ ഉറപ്പായതോടെ ഗൂഢാലോചനയിൽ പങ്കാളിയായതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം അഖിൽ മാത്യുവിന്‍റെ പേര് താൻ പറഞ്ഞത് ബാസിത് പറഞ്ഞിട്ട് മാത്രമെന്ന ഹരിദാസന്‍റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ഹരിദാസന് നേരിട്ട് പരിചയം കെ.എം ബാസിതിനെയും ലെനിൻ രാജിനെയുമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story