'ഞാൻ അതിന് മുമ്പും അപ്പോഴും ഇപ്പോഴും ഫലസ്തീനിനൊപ്പമാണ്'; വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി ശശിതരൂർ
ഫലസതീൻ വിഷയം തനിക്കറിയാം ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു
കോഴിക്കോട്: മുസ്‌ലിം ലീഗ് പരിപാടിയിലെ വിവാദ പ്രസംഗത്തിന് മറുപടിയുമായി ശശി തരൂർ. താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും തരൂർ പറഞ്ഞു. തന്റെ പ്രസംഗം ആർക്ക് വേണമെങ്കിലും പരിശോധിക്കാം. താൻ ആ സമയത്തും അതിന് മുമ്പും ശേഷവും പറഞ്ഞത് ഫലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നാണ്. അത് തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെയും തന്റെയും നിലപാടെന്നും തരൂർ പറഞ്ഞു.
മൃഗീയമായ ആക്രമണമാണ് ഗസ്സയ്ക്ക് നേരെ നടക്കുന്നത്. ഇസ്രായേലിന്റെ ബോംബ് ആക്രമണത്തെ ഒരിക്കലും പിന്തുണയ്ക്കാൻ കഴിയില്ല. എല്ലാ അർഥത്തിലും സാധാരണക്കാരെ ലക്ഷ്യം വെക്കുകയാണ്. യാസർ അറഫാത്തിന്റെ കബറിടത്തിൽ പ്രണാമമർപ്പിച്ചയാളാണ് താൻ, ഫലസതീൻ വിഷയം തനിക്കറിയാം ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.
ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനാകണമെന്നും തരൂർ പറഞ്ഞു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നുവെന്നതായിരുന്നു തരൂരിന്റെ വിവാദ പരാമർശം.
Adjust Story Font
16