കെ.എം.സി.സി നേതാവ് ഇബ്രാഹീം എളേറ്റിലിനെ മുസ്‍ലിം ലീഗില്‍നിന്ന് സസ്‌പെൻഡ് ചെയ്തു
ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽനിന്ന് നീക്കം ചെയ്തു
കോഴിക്കോട്: ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിലിനെ സസ്‌പെൻഡ് ചെയ്തു. മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽനിന്നാണ് സസ്‌പെൻഷന്‍. ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽനിന്നും അദ്ദേഹത്തെ നീക്കി.
ദുബൈ കെ.എം.സി.സിയിൽ വർഷങ്ങളായി തുടരുന്ന അധികാരത്തർക്കത്തിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്. മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങളടക്കം ഇബ്രാഹീം എളേറ്റിലിനെതിരെ ഒരു വിഭാഗം ഉയർത്തിയിരുന്നു. എളേറ്റിലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ കെ.എം.സി.സി യോഗങ്ങൾ കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും ദുബൈയിൽ നടന്ന കെ.എം.സി.സി പരിപാടിയില്‍ ഇബ്രാഹീം എളേറ്റിൽ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, ഇന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. അന്വേഷണവിധേയമായാണ് സസ്‌പെൻഷനെന്ന് പാർട്ടി മുഖപത്രം 'ചന്ദ്രിക'യിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ സൂചിപ്പിക്കുന്നു.
Summary: Dubai KMCC president Ibrahim Elettil suspended from Muslim League
Adjust Story Font
16