Quantcast

വിയ്യൂരിലും 'സ്റ്റാന്‍ സ്വാമി?': ഇബ്രാഹിമിനെ യുഎപിഎ ചുമത്തി ജയിലിലടച്ചത് ആറ് വര്‍ഷം മുമ്പ്, ഗുരുതര രോഗങ്ങളാല്‍ വലയുമ്പോഴും പരോള്‍ പോലുമില്ല

ദിവസം 22ലേറെ മരുന്നുകളുണ്ട്. പല്ലുകൾ കൊഴിഞ്ഞ് പോയതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. രണ്ട് തവണ ഹൃദയാഘാതം വന്നു

MediaOne Logo

Web Desk

  • Updated:

    2021-07-09 06:19:56.0

Published:

9 July 2021 5:08 AM GMT

വിയ്യൂരിലും സ്റ്റാന്‍ സ്വാമി?: ഇബ്രാഹിമിനെ യുഎപിഎ ചുമത്തി ജയിലിലടച്ചത് ആറ് വര്‍ഷം മുമ്പ്, ഗുരുതര രോഗങ്ങളാല്‍ വലയുമ്പോഴും പരോള്‍ പോലുമില്ല
X

അധികൃതരുടെ കരുണ കാത്ത് തൃശൂരിലെ വിയ്യൂർ ജയിലിൽ കഴിയുകയാണ് വയനാട് സ്വദേശി ഇബ്രാഹിം. കഴിഞ്ഞ ആറ് വർഷമായി തടവിലാണ് ഇബ്രാഹിം. പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുമ്പോഴും പരോൾ നൽകാനോ ഇടക്കാല ജാമ്യം നൽകാനോ സർക്കാർ തയ്യാറായിട്ടില്ല.

67 വയസ്സാണ് ഇബ്രാഹിമിന്. 2015 ജൂലൈയിലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷമായി പുറം ലോകവുമായി ബന്ധമില്ലാതെ വിയ്യൂരിലെ ജയിലിൽ കഴിയുന്നു. മുൻപ് രണ്ട് തവണ ഹൃദയാഘാതം വന്ന ആളെന്ന നിലയിലുള്ള പരിഗണന ഇബ്രാഹിമിന് നൽകിയിട്ടില്ല. പ്രമേഹരോഗത്താൽ വലയുകയാണ്. ദിവസം 22ലേറെ മരുന്നുകളുണ്ട്. പല്ലുകൾ കൊഴിഞ്ഞ് പോയതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. അത്തരത്തിൽ അനേകം ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോഴും ഇബ്രാഹിമിന് പരോൾ അനുവദിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഇബ്രാഹിമിന് ജാമ്യമോ പരോളോ നൽകണമെന്ന് ആവശ്യപ്പെട്ട് കവി സച്ചിദാനന്ദൻ ഉൾപ്പെടെ 16 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിന് ശേഷം ആറ് വർഷത്തിനിപ്പുറം കഴിഞ്ഞ മാസം ഇബ്രാഹിമിൻറെ കേസിൽ വിചാരണ തുടങ്ങി. ഇത് പരോൾ അനുവദിക്കാതിരിക്കാനുള്ള നീക്കമാണെന്ന് മനുഷ്യവാകാശ പ്രവർത്തകർ ആരോപിക്കുന്നു.

എന്നാൽ ഇബ്രാഹിമിന്‍റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും വീഡിയോ കോൺഫറൻസിലൂടെ വിചാരണയിൽ പങ്കെടുക്കുന്നുണ്ടെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. പക്ഷേ വിയ്യൂർ ജയിലിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്രയും പ്രായവും നിരവധി അസുഖങ്ങളുമുള്ള ഒരാളെ ചികിത്സയോ പരിചരണമോ ഇല്ലാതെ തടവിൽ പാർപ്പിക്കുന്നത് മനുഷ്യവാകാശ ധ്വംസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.


TAGS :

Next Story