ഐസിയു പീഡനക്കേസ്; അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും
മെഡിക്കല്‍ കോളേജില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് തന്‍റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി
കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോക്ടർ കെ വി പ്രീതിയ്ക്കെതിരായ പരാതിയിലാണ് മൊഴിയെടുക്കുക.മെഡിക്കല്‍ കോളേജില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് തന്‍റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി.
ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസ് കമ്മീഷണറെ വീണ്ടും കണ്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോർത്ത് എ സി പി കെ സുദർശൻ മൊഴി രേഖപ്പെടുത്തുക. മൊഴിയെടുത്ത് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് കമ്മീഷണറുടെ നിർദേശം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്കിറങ്ങാനാണ് അതിജീവിതയുടെ തീരുമാനം.
കേസ് അട്ടിമറിക്കുകയാണെന്നും നീതി നിഷേധിക്കുകയുമാണെന്നുമാണ് അതിജീവിത മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ പരാതി നല്‍കിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കും എന്നാണ് മന്ത്രി അതിജീവിതക്ക് നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത പറയുന്നു. വിഷയത്തിൽ ഇതുവരെയുള്ള നടപടികൾ സംബന്ധിച്ച് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷക്ക് ലഭിക്കുന്ന മറുപടി കൂടി പരിഗണിച്ച് സമരമിരിക്കാനാണ് തീരുമാനമെന്നും അതിജീവിത പറഞ്ഞു.വുമൺ ജസ്റ്റിസ് അടക്കമുള്ള വനിതാ സംഘടനകളും അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ വെച്ച് അറ്റൻഡർ പീഡിപ്പിച്ചെന്ന് ആണ് പരാതി.
Adjust Story Font
16