Quantcast

ആളുമാറി യുവാവിനെ മർദിച്ച സംഭവം; കുടുംബത്തിന്‍റെ ആരോപണം തള്ളി പൊലീസ്

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മർദനമേറ്റ ബാസിതിന്‍റെ പിതാവ് നവാസ് ഉന്നയിച്ചിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-10 02:07:14.0

Published:

10 Nov 2021 1:46 AM GMT

ആളുമാറി യുവാവിനെ മർദിച്ച സംഭവം; കുടുംബത്തിന്‍റെ ആരോപണം തള്ളി പൊലീസ്
X

ഇടുക്കി തൊടുപുഴ വെങ്ങല്ലൂരില്‍ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ച കേസില്‍ കുടുംബത്തിന്‍റെ ആരോപണം തള്ളി പൊലീസ്. മൊഴിയെടുക്കുമ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടാലറിയാം എന്ന് മാത്രമാണ് ബാസിത് പറഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു .

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മർദനമേറ്റ ബാസിതിന്‍റെ പിതാവ് നവാസ് ഉന്നയിച്ചിരുന്നത്. മർദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോയും കൃത്യമായി നല്‍കിയിട്ടും എഫ്ഐആറില്‍ രേഖപ്പെടുത്തിയത് കണ്ടാലറിയാവുന്നവർ എന്ന് മാത്രമാണ്. കേസ് ഒതുക്കിത്തീർക്കാന്‍ പൊലീസും എക്സൈസും ശ്രമിക്കുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരക്ക് മൊഴി നല്‍കിയിട്ടും രേഖപ്പെടുത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ് എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

ഈ ആരോപണങ്ങള്‍ പൊലീസ് പാടെ തള്ളി. മൊഴി രേഖപ്പെടുത്തി വായിച്ചുകേള്‍പ്പിച്ചതാണ്. ബാസിത് മൊഴി വായിച്ചുനോക്കി ശരിയെന്ന് സമ്മതിച്ച് ഒപ്പിടുകയും ചെയ്തു. മർദിച്ചവരുടെ പേര് ചോദിച്ചപ്പോള്‍ കണ്ടാലറിയുമെന്നാണ് പറഞ്ഞത്. പിന്നെയെങ്ങനെ ആരോപണം മുഖവിലക്കെടുക്കുമെന്നാണ് പൊലീസിന്റെ ചോദ്യം. മൊഴി നല്‍കിയെന്ന് രേഖപ്പെടുത്തിയ സമയത്തില്‍ അപാകതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ പൊലീസിന് കൃത്യമായ മറുപടിയില്ല.അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ പരസ്യപ്രതികരണത്തിന് തയ്യാറല്ലെന്നും തൊടുപുഴ ഡിവൈഎസ്പി അറിയിച്ചു. മകന് നീതി കിട്ടുംവരെ പോരാടുമെന്നാണ് കുടുംബത്തിന്റെ വിശദീകരണം. വെള്ളിയാഴ്ചയാണ് കഞ്ചാവ് കേസിലെ പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാസിതിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി കൈവിലങ്ങിട്ട് മർദിച്ചത്.

TAGS :

Next Story