Quantcast

ഇടുക്കിയിലെ പ്രളയ പുനരധിവാസ പദ്ധതി താളംതെറ്റി; 2018ൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങൾ പെരുവഴിയിൽ

2018ലെ മഹാ പ്രളയത്തിൽ വീടുംസ്ഥലവും നഷ്ടപ്പെട്ടവർക്ക് മണിയാറൻകുടിയിൽ സ്ഥലം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല.

MediaOne Logo

Web Desk

  • Updated:

    2024-07-09 03:27:59.0

Published:

9 July 2024 2:41 AM GMT

Idukki Flood
X

ഇടുക്കി: ഇടുക്കിയിലെ പ്രളയ പുനരധിവാസ പദ്ധതി താളം തെറ്റി. 2018ലെ മഹാ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മണിയാറൻകുടിയിൽ സ്ഥലം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല.

കഴിഞ്ഞ അഞ്ച് വർഷമായി വാടകക്കും ബന്ധു വീടുകളിലുമായി കഴിയുകയാണ് പതിമൂന്ന് കുടുംബങ്ങൾ. മന്ത്രി റോഷി അഗസ്റ്റിന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ ദുരവസ്ഥ.

പെരിങ്കാല, മുളകുവള്ളി, കമ്പളികണ്ടം, പനംകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് മണിയാറൻകുടിയിൽ പുനരധിവസിപ്പിച്ചത്. പത്ത് ലക്ഷം രൂപ ധനസഹായമെന്ന സർക്കാർ പ്രഖ്യാപനത്തിലായിരുന്നു ഇവരുടെ പ്രതീക്ഷകളത്രയും. ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീട് പണിയുന്നതിനുമായിരുന്നു സഹായം.

സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ നാല് ലക്ഷം രൂപ മാത്രമാണ് ഇവർക്ക് നൽകിയത്. വെള്ളവും വഴിയും വൈദ്യുതിയുമെത്താത്ത മലഞ്ചെരുവിൽ കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റ് പെറുക്കിയും വീടൊരുക്കാൻ കഴിഞ്ഞത് മൂന്ന് പേർക്ക് മാത്രം.

അഞ്ച് സെന്റ് സ്ഥലത്ത് 430 സ്ക്വയർഫീറ്റ് വീടിനായിരുന്നു അനുമതി. കുടിവെള്ളമടക്കം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ വന്നതോടെ പലരും വീടെന്ന സ്വപ്നം ഉപേക്ഷിച്ചു. പൊതുകുളത്തിന് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തും പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ജില്ലാകളക്ടറും പലകുറി പറഞ്ഞു. പക്ഷേ പരിഹാരം മാത്രം ഉണ്ടായില്ല.

Watch Video Report


TAGS :

Next Story