'ബജറ്റിൽ ഇടുക്കിക്ക് പ്രതീക്ഷിക്കാൻ ഏറെയുണ്ട്' - മന്ത്രി റോഷി അഗസ്റ്റിൻ
വകുപ്പുതല ഏകോപനത്തിലൂടെ ജില്ലയിലെ ആദിവാസി ക്ഷേമം,കൃഷി, തോട്ടം,ടൂറിസം മേഖലകളുടെ ഉന്നമനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി
ബജറ്റിൽ ഇടുക്കിക്ക് പ്രതീക്ഷിക്കാനേറെയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി പാക്കേജിന്റെ ഭാഗമായുള്ള പദ്ധതികൾ ജില്ലയിൽ നടന്നു വരികയാണ്. പുതിയ പ്രഖ്യാപനങ്ങൾ തുടർ നടപടികൾക്ക് വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു.ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് ഇടുക്കി പാക്കേജെന്നും നിലവിലുള്ള പന്തീരായിരം കോടിക്കു പുറമെ എഴുപത്തിയഞ്ച് കോടി അധികമായി അനുവദിച്ചത് ഇടുക്കി പാക്കേജിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്ക് വേഗത കൂട്ടുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സംസ്ഥാനത്തെ നദികളും ഡാമുകളും ജലസേചന പദ്ധതികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നതാണ് ഒരുകോടി മുതൽമുടക്കിൽ സ്വന്തം മണ്ഡലത്തിൽ സ്ഥാപിക്കുന്ന ജലസേചന മ്യൂസിയം.ജപ്തി ഭീഷണിയിൽ കഴിയുന്ന കർഷകർക്കുള്ള കടാശ്വാസ പദ്ധതികൾ സർക്കാർ പരിഗണനയിലാണെന്നും മന്ത്രി സൂചിപ്പിച്ചു.വകുപ്പുതല ഏകോപനത്തിലൂടെ ജില്ലയിലെ ആദിവാസി ക്ഷേമം,കൃഷി, തോട്ടം,ടൂറിസം മേഖലകളുടെ ഉന്നമനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16