രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം; മുഖ്യമന്ത്രി തിരുവനന്തപുരത്ത്
മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും
രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. ഉച്ചയോടെ ഗവർണറെ കാണും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ തവണ എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഞ്ച് സ്വതന്ത്രര്‍മാര്‍ ഉള്‍പ്പെടെ 67 സീറ്റുകളിലാണ് സി.പി.എം വിജയിച്ചത്. സി.പി.ഐ 17 സീറ്റിലും കേരള കോണ്‍ഗ്രസ് എം അഞ്ച് സീറ്റിലും വിജയിച്ചു.ജെഡിഎസ് ,എന്‍സിപി എന്നീവര്‍ രണ്ട് സീറ്റിലും,എല്‍ജെഡി,കോണ്‍ഗ്രസ് എസ്,കേരള കോണ്‍ഗ്രസ് ബി,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍,ആര്‍എസ് പി ലെനിനിസ്റ്റ് എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു.സിപിഎമ്മിലെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭ ആയിരിക്കും വരുന്നത്. കെ.കെ ശൈലജ,ടി.പി രാമകൃഷ്ണന്‍,എം.വി ഗോവിന്ദന്‍,കെ രാധാകൃഷ്ണന്‍ ,കെ എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും.എസി മൊയ്തീന് വീണ്ടും അവസരം നല്‍കാന്‍ ആലോചനയുണ്ട്.
വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവെച്ച കെടി ജലീലിന് വീണ്ടും അവസരം നല്‍കണമോ എന്നകാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണ്ണായകം. സിഐടിയു പ്രതിനിധിയായി പൊന്നാനിയില്‍ നിന്ന് ജയിച്ച പി നന്ദകുമാറിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.തൃത്താല പിടിച്ചെടുത്ത എംബി രാജേഷിനും മന്ത്രിസഭയിലേക്ക് സാധ്യതയേറെയാണ്. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം ലഭിച്ചില്ലെങ്കില്‍ വി ശിവന്‍കുട്ടി,വികെ പ്രശാന്ത് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും.
കെകെ ശൈലജയ്ക്ക് പുറമെ മറ്റൊരു വനിതയെ കൂടി പരിഗണിക്കാന്‍ സാധ്യതയുണ്ട്.അങ്ങനെയെങ്കില്‍ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ് മന്ത്രിയാകും.ഇല്ലെങ്കില്‍ സ്പീക്കര്‍ ആക്കിയേക്കും.സിപിഐയില്‍ നിന്ന് പി പ്രസാദ്,ജെ ചിഞ്ചുറാണി,പി പ്രസാദ് ,ചിറ്റയം ഗോപകുമാര്‍,കെ രാജന്‍,ഇകെ വിജയന്‍,ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. കേരളകോണ്‍ഗ്രസില്‍ നിന്ന് റോഷി അഗസ്റ്റിന്‍,എന്‍ ജയരാജ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും.
ജെഡിഎസില്‍ നിന്ന് മാത്യു ടി തോമസോ,കെ കൃഷ്ണന്‍കുട്ടിയോ മന്ത്രിസഭ യിലേക്ക് വരും,എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ മന്ത്രിയാകും.ഒരോ സീറ്റില്‍ വിജയിച്ച എല്‍ജെഡി,കോണ്‍ഗ്രസ് എസ്,കേരള കോണ്‍ഗ്രസ് ബി,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍,ആര്‍എസ് പി ലെനിനിസ്റ്റ് എന്നിവരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത.
Adjust Story Font
16