ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം 29 ന് തുറക്കും
നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്
ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കം കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മന്ത്രി പറഞ്ഞു. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. -മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചുവെന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ ഇന്ന് അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 137.60 അടിയാണ് ഇപ്പോഴുള്ളതെന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
Adjust Story Font
16