Quantcast

വ്യക്തി നിയമങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അതത് നേതൃത്വവുമായി ആലോചിച്ച് പരിഹരിക്കണം: കാന്തപുരം

വ്യക്തിനിയമങ്ങളിൽ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ പാടില്ലെന്നതാണ് ഇന്ത്യയിലെ പരമ്പരാഗത മുസ്‌ലിം മതസംഘടനകളുടെ നിലപാട്.

MediaOne Logo

Web Desk

  • Updated:

    2023-07-20 08:00:58.0

Published:

20 July 2023 7:04 AM GMT

വ്യക്തി നിയമങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അതത് നേതൃത്വവുമായി ആലോചിച്ച് പരിഹരിക്കണം: കാന്തപുരം
X

കോഴിക്കോട്: വ്യക്തിനിയമങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതത് സമുദായ നേതൃത്വവുമായി ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ കുറിച്ചുള്ള പൊതുചർച്ച അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ നിയമകമ്മിഷന് നൽകിയ നിവേദനത്തിലാണ് കാന്തപുരത്തിന്റെ നിലപാട്.

വ്യക്തിനിയമങ്ങളിൽ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ പാടില്ലെന്നതാണ് ഇന്ത്യയിലെ പരമ്പരാഗത മുസ്‌ലിം മതസംഘടനകള്‍ സ്വീകരിച്ചു വരുന്ന നിലപാട്. ഇതിന് ഭിന്നമായ നയമാണ് കാന്തപുരം നിവേദനത്തിൽ സ്വീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പയച്ചു.

'വ്യക്തിനിയമങ്ങളിൽ പോരായ്മകളോ മറ്റോ സർക്കാറിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അതത് മതനേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിന് മുന്നിൽ ചർച്ചക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വിവിധ ഗോത്ര വിഭാഗങ്ങൾ ഏകീകൃത സവിൽകോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകൾ മുന്നിൽ കണ്ട് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണം' - കത്തിൽ ആവശ്യപ്പെട്ടു.






രാജ്യത്തെ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഏക സിവിൽ കോഡ് വഴിവയ്ക്കുമെന്ന് കാന്തപുരം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 'സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. രാജ്യ പുരോഗതിയെ ഈ വൈവിധ്യങ്ങൾ ഹനിക്കുന്നില്ല. ബഹുസ്വര സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശനിഷേധമാണ് ഏക സിവിൽ കോഡ്'- അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലേക്ക് നുഴഞ്ഞുകയറുംവിധമുള്ള നിയമനിർമാണങ്ങൾ ആശങ്കാജനകമാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. 'സംസ്‌കാരം എല്ലാ വിഭാഗങ്ങളുടെയും തനത് മൂല്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങൾ അറിഞ്ഞു തന്നെയാണ് ഭരണഘടനാ നിർമാതാക്കൾ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന വിധം മൗലികാവകാശങ്ങൾ ചിട്ടപ്പെടുത്തിയത്. അത്തരം അവകാശങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന വിധം നിയമനിർമാണങ്ങൾ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.




TAGS :

Next Story