Quantcast

ഉറക്കം വരുന്നുണ്ടോ? വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം

MediaOne Logo

Web Desk

  • Published:

    15 Dec 2024 7:12 AM GMT

sleeping while driving
X

ഓരോ ദിവസവും അതിദാരുണമായ അപകടങ്ങൾക്കാണ്​ സംസ്​ഥാനത്തെ നിരത്തുകൾ സാക്ഷിയാകുന്നത്​. പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി പറയുന്നത്​.

സംഭവത്തിന്​​ പിന്നാലെ ഡ്രൈവർമാർക്ക്​ നിർദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്​ കേരള പൊലീസ്​. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ്​​ നിർത്തിവെയ്ക്കണമെന്ന്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി. ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ 60 ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് ഇതിന്​ കാരണമെന്നും പോസ്​റ്റിൽ പറയുന്നു.

പോസ്​റ്റി​െൻറ പൂർണരൂപം:

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട🙏🏻.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.

ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ 60 ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്. രാത്രി മാത്രമല്ല, പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.

ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

TAGS :

Next Story