'കോൺഗ്രസിനെ നമ്പിയാൽ നമ്പിയവൻ്റെ കാര്യം പോക്കാ'; എം.എം.മണി
ലീഗുകാർ ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ കോൺഗ്രസുകാർ അതിനുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണെന്നും എം.എം.മണി പറഞ്ഞു
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് വട്ടപ്പൂജ്യമാകുമെന്നും കോൺഗ്രസിനെ നമ്പിയാൽ നമ്പിയവൻ്റെ കാര്യം പോക്കാണെന്നും എം.എം.മണി എം.എൽ.എ. കിണറ്റിൽ കിടക്കുന്ന തവളയുടെ അവസ്ഥയാണ് പ്രതിപക്ഷ നേതാക്കൾക്കെന്ന് പറഞ്ഞ മണി കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ലീഗ് എം.എൽ.എമാരോട് പറഞ്ഞു. ലീഗുകാർ ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോൺഗ്രസുകാർ അതിനുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിൽ പങ്കെടുക്കാതിരുന്നത് തങ്ങൾക്കൊരു വടി തരികയായിരുന്നു കോൺഗ്രസ്. ജയിക്കുന്ന സീറ്റിൽ ലീഗ് തനിയെ നിന്നാലും ജയിക്കും. കോൺഗ്രസ് ഇല്ലാതെയും ലീഗിന് ജയിക്കാൻ കഴിയും. ലീഗുകാർ ഇല്ലെങ്കിൽ കോൺഗ്രസുകാർ ജയിക്കില്ല. ലീഗുകാർ ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നും എം.എം.മണി പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും ലീഗുകാരുടെയും അവസ്ഥ പരിതാപകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിയുടെ പ്രസംഗത്തിലെ ചിലപദങ്ങൾ സഭാ രേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ അറിയിച്ചു.
മണി ലീഗിനോട് കാണിക്കുന്ന സ്നേഹത്തിന്റെ കാരണം തങ്ങൾക്കറിയാമെന്നും ലീഗിന് അധികാരത്തെക്കാൾ വലുതാണ് നിലപാട് എന്ന് അവരുടെ അധ്യക്ഷൻ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് ഷാഫി പറമ്പിൽ എം.എൽ.എ എം.എം.മണിക്ക് മറുപടി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ ഡിഎംകെ അടക്കമുള്ള പാർട്ടികൾ പങ്കെടുത്തെന്നും അതിൽ പങ്കെടുക്കാതിരുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16