എത്ര ദിവസമായി ക്ഷമിക്കുന്നു; പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കും; വി.ഡി സതീശൻ
ഡി.സി.സി ഓഫീസിന് മുന്നിലെന്തിനാണ് പൊലീസ്? ഇവിടെ ഞങ്ങൾക്ക് പൊലീസ് സെക്യൂരിറ്റിയുടെ ആവശ്യമില്ല. ഇതിനകത്തേക്ക് ഒരാളും കയറുകയുമില്ല.
തിരുവനന്തപുരം: പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുന്നറിയിപ്പ്. പൊലീസ് അനാവശ്യ പ്രകോപനം ഉണ്ടാക്കുന്നു. ക്രൂരമായ മർദനമാണ് പ്രവർത്തകർക്ക് നേരെ ഉണ്ടായതെന്നും വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.
പെൺകുട്ടികളെ വരെ അപമാനിച്ചു. എസ്.ഐ ഒരു പെൺകുട്ടിയുടെ വസ്ത്രം വരെ വലിച്ചുകീറി. വിഷമിച്ചുനിൽക്കുന്ന പ്രവർത്തകരുടെ മുന്നിലേക്ക് വീണ്ടും പ്രകോപനമുണ്ടാക്കി പൊലീസ് എന്തിനാണ് വരുന്നത്. വീണ്ടും പ്രകോപനമുണ്ടാക്കി സംഘർഷമുണ്ടാക്കാനോ? ഡി.സി.സി ഓഫീസിന് മുന്നിലെന്തിനാണ് പൊലീസ്? ഇവിടെ ഞങ്ങൾക്ക് പൊലീസ് സെക്യൂരിറ്റിയുടെ ആവശ്യമില്ല. ഇതിനകത്തേക്ക് ഒരാളും കയറുകയുമില്ല.
എത്ര ദിവസമായി ഞങ്ങൾ ക്ഷമിക്കുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. എത്ര പ്രവർത്തകർക്കാണ് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പൊലീസിന്റേയും മർദനമേറ്റത്. ഇനിയും ക്ഷമിക്കാനാവില്ല. പ്രതിരോധിക്കും. അടിച്ചാൽ തിരിച്ചടിക്കും. ഇതുവരെ പറഞ്ഞത് ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്നാണ്. പക്ഷേ അവർ മർദനമേറ്റുവാങ്ങുകയല്ലേ. അവരെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കില്ലേ. അതിന്റെ തുടർച്ചയാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടതെന്നും ഇനി വരാൻ പോകുന്ന ദിവസങ്ങളിലും അത് തന്നെയായിരിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
രണ്ട് മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിനാണ് സെക്രട്ടറിയേറ്റ് പരിസരം ഇന്ന് ഉച്ചയ്ക്കു ശേഷം സാക്ഷ്യം വഹിച്ചത്. നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ കല്യാശേരി മുതൽ കൊല്ലം വരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്‌ഐ പ്രവർത്തകരും നടത്തിയ അതിക്രമത്തിന് എതിരെയായിരുന്നു ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവ്രർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തുപോയ ശേഷമായിരുന്നു സംഘർഷം ഉടലെടുത്തത്. പിന്തിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാവാതെ പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യം കുറച്ചുനേരം സംയമനം പാലിച്ച പൊലീസിനു നേരെ കമ്പുൾപ്പെടെ വലിച്ചെറിയുന്ന സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പിടിവലിയുമുണ്ടായി. പൊലീസ് പ്രതിഷേധക്കാർക്കു നേരെ അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, പൊലീസിനു നേരെയും കല്ലേറുണ്ടായി. കന്റോൺമെന്റ് എസ്‌ഐയടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു. നാല് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർത്തു. കന്റോൺമെന്റ് എസ്ഐയുടെ വായ മുറിഞ്ഞു. 20ലധികം പൊലീസ് ഷീൽഡുകൾ തകർത്തു. പ്രതിഷേധക്കാർ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി തിരികെയടിച്ചു.
പരിക്കേറ്റിട്ടും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്കടക്കം പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആയിരത്തിലധികം പ്രവർത്തകരാണ് സെക്രട്ടേറിയറ്റിലേക്ക് ഇരച്ചെത്തിയത്. എ.ജി ഓഫീസിന് മുന്നിലും സമരഗേറ്റിന് മുന്നിലുമാണ് സംഘർഷമുണ്ടായത്. പൊലീസ് ആദ്യം ലാത്തിവീശാൻ തയാറായില്ലെങ്കിലും പിന്നീട് കല്ലേറുൾപ്പെടെ ഉണ്ടായതോടെയാണ് ലാത്തിവീശിയത്. പൊലീസിന് നേരെ എറിഞ്ഞ കല്ല് അവർ തിരിച്ചെറിയുകയും ചെയ്തു. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Adjust Story Font
16