മോൻസൺ മാവുങ്കൽ കേസ്; ഐജി ലക്ഷ്മണും മുൻ ഡിഐജി സുരേന്ദ്രനും പ്രതികൾ
ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിനെയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുളളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്വേഷണസംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ചു.
മോൻസൺ മാവുങ്കലുമായി ഇരുവരും ഉന്നതബന്ധം പുലർത്തിയിരുന്നു എന്നും പരാതിക്കാരുമായി പലതവണ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐജി ലക്ഷ്മണും എസ് സുരേന്ദ്രനും പരാതിക്കാരിൽ പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്.
കേസിൽ ഒരു പ്രതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. വിവാദത്തിൽ മാസങ്ങളോളം സസ്പെൻഷനിൽ കഴിഞ്ഞ ലക്ഷ്മണിനെ സമീപ കാലത്താണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.
അതേസമയം പ്രതി ചേർത്തതിനു പിന്നാലെ ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനുമാണ് സുധാകരന്റെ തീരുമാനം.
Adjust Story Font
16