ഇടുക്കി ബൈസൺവാലിയിൽ അതീവ പരിസ്ഥിതിലോല മേഖലയിൽ അനധികൃത നിർമാണമെന്ന് പരാതി
ദുരന്ത നിവാരണനിയമ പ്രകാരം റെഡ് സോണായ മേഖലയിൽ വീട് നിർമാണത്തിന് അനുമതി വാങ്ങിയശേഷമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റം.
ഇടുക്കി: ഇടുക്കിയിലെ ബൈസൺവാലിയിൽ അതീവ പരിസ്ഥിതിലോല മേഖലയിൽ അനധികൃത നിർമാണം നടക്കുന്നതായി നാട്ടുകാരുടെ പരാതി. പാറ പൊട്ടിച്ചും മണ്ണ് ഇടിച്ചുമാണ് നിർമാണം. മൂന്നാർ ഗ്യാപ് റോഡിന് താഴെ ചൊക്രമുടി മലനിരകളിലാണ് ഭൂമാഫിയയുടെ കടന്നുകയറ്റം.
ദുരന്ത നിവാരണനിയമ പ്രകാരം റെഡ് സോണായ മേഖലയിൽ വീട് നിർമാണത്തിന് അനുമതി വാങ്ങിയശേഷമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് മലയിടിച്ചിട്ടും മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മലമുകളിൽ തടയണ നിർമിക്കുകയും താഴ്വാരത്ത് താമസിക്കുന്ന ഗോത്രവർഗ ജനതയുടെ കുടിവെള്ള വിതരണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. അനധികൃത നിർമാണം മൂലം ഭീതിയിൽ കഴിയുകയാണ് ബൈസൺവാലി മുട്ടുകാട് മേഖലയിലുള്ളവർ. ബ്ലോക്ക് നമ്പർ 005ൽ ഉൾപ്പെട്ട ഭൂമിയുടെ മറവിലാണ് കൈയേറ്റം. തരിശായി കിടക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിലും ദുരൂഹതയുണ്ട്.
Adjust Story Font
16