Quantcast

'പ്ലസ് വൺ സീറ്റുകൾ ആവശ്യത്തിനുണ്ട്, മലബാറിൽ മാത്രമില്ല'; പരിഹാരം ഉടനെന്ന് മന്ത്രി

അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 100ലധികം സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2023 2:58 AM GMT

v sivankutty
X

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിലെ അസന്തുലിതാവസ്ഥ ബോധ്യപ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന അടിസ്ഥാനത്തിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളുണ്ട്. എന്നാൽ, മലബാർ മേഖലയിൽ സീറ്റുകളില്ലെന്നും വി ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു. എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം വരുന്നതിന് മുൻപ് സീറ്റ് ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

"ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചിരുന്നു. 79 പുതിയ ബാച്ചുകളാണ് കഴിഞ്ഞ പ്രാവശ്യം ആരംഭിച്ചത്. മലബാർ മേഖലയിലുണ്ടായ ബുദ്ധിമുട്ട് മനസിലാക്കിക്കൊണ്ട് തന്നെ സംസ്ഥാനത്താകമാനം നിലവിലുള്ള സീറ്റുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ സീറ്റ് മിച്ചംവന്നതായാണ് കാണുന്നത്. ഇത് പല ജില്ലകളുടെയും അസന്തുലിതാവസ്ഥയെയാണ് കാണിക്കുന്നത്.

ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എസ്‌എസ്‌എൽസി, പ്ലസ് ടു ഫലം വരുന്നതിന് മുൻപ് തന്നെ ഇക്കാര്യം പരിഹരിച്ച് ക്രമീകരണം ഉണ്ടാക്കും"; മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റുകളിലെ അസന്തുലിതാവസ്ഥ മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 100ലധികം സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കന്‍ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ പകുതിയിലധികം സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അധികം വന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് അനുവദിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രീയമായ പഠനം നടത്തിവേണം സീറ്റ് പുനഃക്രമീകരിക്കാനെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു.

സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 108 സ്കൂളുകളിലാണ് പകുതിയിലുമധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സീറ്റുകളും വെറുതെകിടക്കുന്നത്. കോട്ടയത്ത് പകുതിയില്‍ താഴെ മാത്രം കുട്ടികള്‍ പഠിക്കുന്ന 22 സ്കൂളുകള്‍ ഉണ്ട്. പത്തനംതിട്ടയിലാവട്ടെ 19 സ്കൂളുകളില്‍ സമാന അവസ്ഥയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 15 സ്കൂളുകളില്‍ പകുതി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമീണ മേഖലകളില്‍ 20ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ക്ലാസുകള്‍ പോലുമുണ്ട്‍. എന്നാല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മറിച്ചാണ് സ്ഥിതി.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ആകെ അഞ്ച് സ്കൂളുകളില്‍ മാത്രമാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്, അതും വിരലിലലെണ്ണാവുന്ന സീറ്റുകള്‍ മാത്രം. ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികളെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം നിലനില്‍ക്കെ മലബാര്‍ ജില്ലകളില്‍ 65 വിദ്യാര്‍ഥികള്‍ വരെ പഠിക്കുന്ന ക്ലാസുകളുണ്ട്. തെക്കന്‍ ജില്ലകളിലെ ഈ ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് അനുവദിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. എന്നാല്‍ അധ്യാപകരുടെ തസ്തിക നഷ്ടം അടക്കമുള്ള പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.

TAGS :

Next Story