യു.യു.സിയായി എസ്.എഫ്.ഐ നേതാവിന്റെ ആൾമാറാട്ടം; കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നു
പ്രതിയായ എസ്.എഫ്.ഐ നേതാവ് വിശാഖ് ഒളിവിലാണ്. വിശാഖിന് മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കാനാണ് പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നത് എന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം ഇഴയുന്നു. കേസെടുത്ത് 20 ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ടാം പ്രതിയായ എസ്.എഫ്.ഐ നേതാവ് വിശാഖ് ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി കേസ് അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
മേയ് 17-നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നു എന്ന വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച യു.യു.സി അനഘയ്ക്ക് പകരം യൂണിവേഴ്‌സിറ്റി കൈമാറിയത് എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേരായിരുന്നു. സംഭവം വിവാദമായതോടെ പ്രിൻസിപ്പലിനും വിശാഖിനും എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ സർവകലാശാല തീരുമാനിച്ചു. ശേഷം മേയ് 21-ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.
കോളജിൽ പരിശോധന നടത്തിയ പൊലീസ് കോളജ് അധികൃതരുടെ മൊഴിയെടുത്തിരുന്നു. പിന്നാലെ പരാതി നൽകിയ സർവകലാശാല രജിസ്ട്രാറുടേയും മൊഴി രേഖപ്പെടുത്തി.പിന്നീട് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിന്റെയും വിശാഖിന്റെയും മൊഴിയെടുക്കാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ വിശാഖ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുന്നു എന്നല്ലാതെ പോലീസിന് മറ്റൊന്നും പറയാനില്ല. കേസിൽ സി.പി.എമ്മും പൊലീസും തമ്മിൽ ഒത്തുകളി നടന്നു എന്ന് കെ.എസ്.യു ആരോപിക്കുന്നു
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിശാഖ്. ഇതേ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയിൽ എത്തിയ ഷൈജുവിന്റെ ഹരജിയിൽ വാദം പുരോഗമിക്കുകയാണ്
Adjust Story Font
16