17 വർഷത്തെ കാത്തിരിപ്പ്; പുനരധിവാസം ആവശ്യപ്പെട്ട് തിരുവനന്തപുരം ടെക്നോപാർക്കിന് മുന്നിൽ പ്രതിഷേധം
ടെക്നോപാർക്ക് ഫെയ്സ് 3 യ്ക്ക് സ്ഥലമെടുത്ത് വൻ കെട്ടിടങ്ങൾ നിർമ്മിച്ചപ്പോൾ പ്രദേശത്തെ വീടുകൾ കുഴിയിലായി. ഒരു വർഷം തന്നെ പല തവണ വീട് വിട്ട് മാറേണ്ട ദുരിതത്തിലായിരുന്നു കുടുംബങ്ങൾ
തിരുവനന്തപുരം: 2019 ൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ടെക്നോപാർക്കിന് മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം. ടെക്നോപാർക്ക് ഫെയ്സ് ത്രീക്ക് സ്ഥലമെടുത്തപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളാണ് പ്രതിഷേധിച്ചത്. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.
പതിനേഴു വർഷം മുൻപാണ് ടെക്നോപാർക്ക് ഫെയ്സ് 3 യ്ക്ക് സ്ഥലമെടുത്തത്. അന്ന് കുളത്തൂർ മുക്കോലയ്ക്കലിലെ ഈ കുടുംബങ്ങളുടെ സ്ഥലം ഒഴികെയുള്ള പ്രദേശമാണ് ടെക്നോപാർക്ക് ഏറ്റെടുത്തത്. വയലിൽ മണ്ണിട്ട് നികത്തി വൻ കെട്ടിടങ്ങൾ നിർമ്മിച്ചപ്പോൾ ഈ വീടുകൾ കുഴിയിലായി. തുടർന്ന് ചെറിയ മഴപെയ്യുമ്പോൾ പോലും ഇവരുടെ വീടുകളിൽ വെള്ളം കയറി തുടങ്ങി. ഒരു വർഷം തന്നെ പല തവണ വീട് വിട്ട് മാറേണ്ട ദുരിതത്തിലായിരുന്നു ഈ കുടുംബങ്ങൾ.
2019 ലെ മഴയിലും വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇവർ ടെക്നോപാർക്ക് ഫെയ്സ് 3 യിലേയ്ക്ക് താമസം മാറ്റി. തുടർന്ന് തഹസീൽദാറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് സ്ഥലം ഏറ്റെടുക്കാൻ ടെക്നോപാർക്ക് തയ്യാറായത്. എന്നാൽ ഇതിൽ യാതൊരു നടപടിയും ടെക്നോപാർക്ക് സ്വീകരിക്കാതായതോടെ പ്രദേശവാസികൾ സമരത്തിന് ഇറങ്ങി. ജീവനക്കാരെയും വാഹനങ്ങളെയും തടഞ്ഞായിരുന്നു പ്രതിഷേധം
തുടർന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തിയാണ് വിഷയം രമ്യതയിൽ എത്തിച്ചത്. ഒരു മാസവും പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പു കിട്ടിയതോടെ സമരം അവസാനിപ്പിച്ചു. കൂടാതെ വീട് നിർമ്മിക്കാൻ ധനസഹായം അനുവദിക്കുമെന്ന് നഗരസഭയും അറിയിച്ചിട്ടുണ്ട്
Adjust Story Font
16