Quantcast

കുർബാന ഏകീകരണം നടപ്പിലാക്കുക എന്നത് വേദനാജനകമായ തീരുമാനമാണ്: എറണാകുളം-അങ്കമാലി അതിരൂപത വൈദീക സമിതി

'ഒരുമിച്ചുള്ള സഞ്ചാരമാണ് സഭയിൽ വേണ്ടത് എന്നാണ് മാർപാപ്പ പറയുന്നത്. ഇവിടെ അത് ലംഘിക്കപ്പെട്ടു'

MediaOne Logo

Web Desk

  • Updated:

    2022-04-07 06:18:26.0

Published:

7 April 2022 5:34 AM GMT

കുർബാന ഏകീകരണം നടപ്പിലാക്കുക എന്നത് വേദനാജനകമായ തീരുമാനമാണ്: എറണാകുളം-അങ്കമാലി അതിരൂപത വൈദീക സമിതി
X

സിറോ മലബാർ സഭ കുർബാന ഏകീകരണം നടപ്പിലാക്കുക എന്നത് വേദനാജനകമായ തീരുമാനമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത വൈദീക സമിതി. വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്ന് ഡിസംബർ 25ന് നടപ്പിലാക്കാൻകഴിയുമോ എന്ന ആശങ്കയുണ്ടെന്നും 50 വർഷമായി നിലനിന്നു പോരുന്ന രീതി മാറ്റുക എന്നത് അത്ര എളുപ്പമല്ലെന്നും അതിരൂപത വൈദീക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

2023 സിനഡ് മുന്നോട്ട് വെക്കുന്നത് സിനഡാലിറ്റി എന്ന സന്ദേശമാണ്. ഒരുമിച്ചുള്ള സഞ്ചാരമാണ് സഭയിൽ വേണ്ടത് എന്നാണ് മാർപാപ്പ പറയുന്നത്. ഇവിടെ അത് ലംഘിക്കപ്പെട്ടു എന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

അതെ സമയം കുർബാന ഏകീകരണം ക്രിസ്തുമസോടെ നടപ്പിലാക്കുമെന്ന എറണാകുളം - അങ്കമാലി അതിരൂപതയുടെ നിലപാട് സഭ സിനഡ് തള്ളിയേക്കും. വത്തിക്കാൻ നിർദേശം മറികടക്കാനുള്ള നീക്കമാണ് അതിരൂപതയുടെ പുതിയ നിലപാടിന് പിന്നിലെന്നാണ് സഭാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഭയുടെ പ്രത്യേക സിനഡ് ഇന്നും തുടരും.

ഡിസംബർ 25 മുതൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്നാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിൽ ഇന്നലെ അറിയിച്ചത്. ഈസ്റ്ററിന് മുമ്പ് പുതിയ കുർബാന നടപ്പാക്കണമെന്ന് മാർപാപ്പ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ബിഷപ്പ് സർക്കുലർ പുറത്തിറക്കിയത്. ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും അതിനാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് അതിരൂപതയുടെ നിലപാട്. ഏകീകൃത കുർബാന സംബന്ധിച്ച് വൈദികരെയും അൽമായരെയും ബോധ്യപ്പെടുത്താൻ സാവകാശം വേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. പുതിയ സർക്കുലറിലൂടെ ഈസ്റ്ററിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തിന് താൽക്കാലികമായെങ്കിലും തടയിടാനാണ് എറണാകുളം അങ്കമാലി അതിരൂപത ശ്രമിക്കുന്നതെന്നാണ് സഭ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ ഈസ്റ്റിൽ ഏകീകൃത കുർബാന നടപ്പിലാക്കുക എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സഭ നേതൃത്വത്തിന്റെ നിലപാട്.

ഇന്നലെ വൈകുന്നേരം ആരംഭിച്ച സഭ പ്രത്യേക സിനഡ് ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്തു. ഇന്ന് നടക്കുന്ന വിശദമായ ചർച്ചക്ക് ശേഷം സഭ സിനഡ് നിലപാടറിയിക്കും. കഴിഞ്ഞ വർഷം ചേർന്ന സിനഡ് യോഗമാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ തീരുമാനിച്ചത്. 2021 ലെ ഈസ്റ്റർ മുതൽ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനായിരുന്നു നിർദേശം. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെ സിനഡ് നിർദേശം നടപ്പിലായില്ല. വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിൽ നിന്ന് വന്ന നിർദേശങ്ങളും അതിരൂപത അംഗീകരിച്ചില്ല. അതിരൂപതയിൽ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അവസാനിപ്പിക്കണമെന്നും സിനഡ് തീരുമാനം എല്ലാവരും അനുസരിക്കണമെന്നും ചൂണ്ടിക്കാണിച്ച് മാർപ്പാപ്പ കത്ത് നൽകിയിരുന്നു. ഇതോടെയാണ് ഏകീകൃത കുർബാന അംഗീകരിക്കില്ലെന്ന മുൻനിലപാടിൽ നിന്നെങ്കിലും അതിരൂപത പിന്നോട്ട് പോകാൻ തയാറായത്.

TAGS :

Next Story