പട്ടികവർഗക്കാരുടെ ശ്മശാനത്തിലേക്കുള്ള പാത കയ്യേറ്റക്കാർ കൈവശപ്പെടുത്തി; മറയൂരില്‍ മൃതദേഹം ആറ്റിലൂടെ ചുമന്ന് സംസ്കാരം നടത്തി
മറയൂർ പഞ്ചായത്തിലെ നാച്ചവയിലിൽ കാളി നാഗൻ(90)ന്‍റെ മൃതദേഹമാണ് ആറ്റിലൂടെ ചുമന്ന് കൊണ്ടുപോയത്
ഇടുക്കി മറയൂരിൽ പട്ടികവർഗക്കാരുടെ ശ്മശാനത്തിലേക്കുള്ള പാത കയ്യേറ്റക്കാർ കൈവശപ്പെടുത്തിനെത്തുടർന്ന് മൃതദേഹം ആറ്റിലൂടെ ചുമന്ന് സംസ്കാരം നടത്തി. മറയൂർ പഞ്ചായത്തിലെ നാച്ചവയിലിൽ കാളി നാഗൻ(90)ന്‍റെ മൃതദേഹമാണ് ആറ്റിലൂടെ ചുമന്ന് കൊണ്ടുപോയത്. വഴിയടച്ചതിനാൽ മൂന്ന് കിലോമീറ്റർ ചുറ്റി ശ്മശാനത്തിൽ എത്തേണ്ട ഗതികേടിലാണ് കോളനിക്കാർ.
കഴിഞ്ഞ ദിവസം മരിച്ച മറയൂർ പഞ്ചായത്തിലെ നാച്ചവയിലിൽ പട്ടികവർഗക്കാരനായ കാളി നാഗൻ(90)ന്‍റെ മൃതദേഹമാണ് ആറ്റിലൂടെ ചുമന്ന് എത്തിച്ച് ശവസംസ്കാരം നടത്തിയത്. പട്ടികവർഗക്കാരുടെ ശ്മശാനത്തിലേക്കുള്ള പാത സമീപത്തെ ഭൂവുടമകൾ കൈവശപ്പെടുത്തിയതിനെത്തുടർന്നാണ് മൃതദേഹം ആറ്റിലൂടെ ചുമന്ന് സംസ്കാരം നടത്തേണ്ട സാഹചര്യമുണ്ടായത്. പാമ്പാറിന് സമീപമാണ് നാച്ചിവയൽ, ചെറുവാട് പട്ടികവർഗ്ഗ കോളനിക്കാർക്കായുള്ള ശ്മശാനമുള്ളത്. ഇവിടേക്ക് ആറ്റിന്‍റെ തീരത്തുകൂടി വഴിയുമുണ്ടായിരുന്നു.എന്നാൽ ഈ പാത സ്വകാര്യ വ്യക്തികൾ കയ്യേറി വേലികെട്ടിയതോടെ ശ്മശാനത്തിലെത്തണമെങ്കിൽ പാമ്പാർ പുഴ കടക്കേണ്ട അവസ്ഥയാണ്.
വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് ദേവികുളം എം.എൽ.എ എ.രാജ വ്യക്തമാക്കി. നിലവിൽ വേനൽക്കാലമായതിനാൽ വെള്ളം കുറവാണെങ്കിലും മഴക്കാലത്ത് ജീവൻ പണയം വച്ചാണ് മൃതദേഹം ചുമന്ന് പ്രദേശവാസികൾ ആറു കടക്കുന്നത്.നിലവിലുണ്ടായിരുന്ന വഴിയടച്ചതിനാൽ 100 മീറ്റർ ദൂരത്തിനുപകരം മൂന്ന് കിലോമീറ്റർ ചുറ്റി ശ്മശാനത്തിൽ എത്തേണ്ട ഗതികേടിലാണ് കോളനിക്കാർ. പാത അടച്ചത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളോട് പലതവണ പരാതിപ്പെട്ടിട്ടും ഇതു വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഇവരുടെ ആരോപണം.
Adjust Story Font
16