തൃശൂർ കോർപ്പറേഷനിൽ കൈയാങ്കളി, മേയറെ തടഞ്ഞ് പ്രതിപക്ഷം
ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ചർച്ച ഇനി മുന്നോട്ടുപോവില്ലെന്ന വാദത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു
തൃശൂർ: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയറെ തടഞ്ഞ് പ്രതിപക്ഷം. മേയർ എം.കെ. വർഗീസിനെയാണ് പ്രതിപക്ഷാംഗങ്ങൾ തടഞ്ഞുവെച്ചത്. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് നൽകിയില്ലെന്നാരോപിച്ചാണ് നഗരസഭയിൽ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടിയത്. ബിനി ടൂറിസ്റ്റ് ഹോമിന്റെ നിർമാണം, നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോർപറേഷന്റെ കീഴിലായിരുന്നു.
എന്നാൽ അടുത്തിടെ കോർപ്പറേഷൻ അധികാരികൾ കൗൺസിലിൽ ചർച്ചയ്ക്കു വയ്ക്കാതെ ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി. അറ്റകുറ്റപ്പണികൾക്കിടെ ചില സ്വകാര്യ വ്യക്തികൾ അതിന്റെ ചില ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ചർച്ച ഇനി മുന്നോട്ടുപോവില്ലെന്ന വാദത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ഇത് പരസ്പരം വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കടന്നു. ഇതോടെ മേയർ കൗൺസിൽ പിരിച്ചുവിടാനുള്ള ശ്രമം നടത്തി. തുടർന്ന് പ്രതിപക്ഷം മേയറുടെ ഡയസിനു മുകളിൽ കയറുകയും മേയറെ പുറത്തുപോകാൻ കഴിയാത്തവിധം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇത് പ്രതിരോധിക്കാനായി ഭരണപക്ഷ അംഗങ്ങളും എത്തിയതോടെ പരസ്പരം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
Adjust Story Font
16