തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം; നാല് എസ്എഫ്‌ഐ പ്രവർത്തർക്കെതിരെ കേസ്
അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കൺന്റോൺമെൻറ് പൊലീസാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. അമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ ഈ നാലുപേർക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ രണ്ടാം തീയതി ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു യൂണിയൻ മുറിയിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്. കോളജിൽ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാത്തതായിരുന്നു മർദ്ദനത്തിന് കാരണം. മുഹമ്മദ് അനസിനാണ് മുഖത്തും കാലിനും പരിക്കേറ്റത്. മുഹമ്മദ് അനസിന്റെ സുഹൃത്തിനെയും എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചന്ന് എഫ്‌ഐആറിൽ പറയുന്നു. നാല് പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
രണ്ടാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ മുഹമ്മദ് അനസ് പൊലീസിനും ഭിന്നശേഷി കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എഫ്ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽവെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്ഐ നേതാക്കൾ മർദിച്ചെന്നും അനസിന്റെ പരാതിയിൽ പറയുന്നു.
അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയതെന്നും അനസ് പറഞ്ഞു.
Adjust Story Font
16