ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ്
കൊല്ലം: പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്.
കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ച് കുതിരയെ മർദിക്കുകയായിരുന്നു. ഒരാൾ കുതിരയെ കയറിൽ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിർത്തുകയും മറ്റുള്ളവർ വടികൊണ്ടും കൈകാലുകൾകൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിർത്തിയും ഏറെനേരം മർദനം തുടർന്നു. സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ തൊഴിക്കുന്നതും കാണാം.
തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കുതിരയെ കെട്ടിയിരുന്നത്. വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലിൽ എ. ഷാനഫാസിന്റെ ദിയ എന്ന നാലര വയസുള്ള കുതിരയാണിത്. പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. അഞ്ച് ദിവസം മുമ്പാണ് കുതിരയെ ഗുജറാത്തിൽ നിന്ന് വാങ്ങിച്ചത്.
Adjust Story Font
16