Quantcast

വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2024-12-06 15:06:53.0

Published:

6 Dec 2024 2:14 PM GMT

വൈദ്യുതി നിരക്ക് വർധന; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
X

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണ്. ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സാധാരണക്കാരന് മേൽ സർക്കാരിന്റെ ഇരുട്ടടിയാണിത്. ഭരണത്തുടർച്ചയെ സർക്കാർ കാണുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസൻസ് ആയാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

'അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല.

വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നല്‍കും'- പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോള്‍ വിലവര്‍ധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വര്‍ധന ജനജീവിതം കൂടുതല്‍ ദുസഹമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണെന്നും പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നാളെ പന്തംകൊളുത്തി പ്രതിഷേധം നടത്തും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

TAGS :

Next Story