കരുനാഗപ്പള്ളിയില്‍ കേരഫെഡ് ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു; കോടികളുടെ നഷ്ടം
ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം
കരുനാഗപ്പള്ളിയിൽ കേരഫെഡ് ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു. ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. വെളിച്ചെണ്ണ ഉത്പാദനം പൂർണമായും നിലച്ചതോടെ കോടികളുടെ നഷ്ടമാണ് കേരഫെഡിന് ഉണ്ടാകുന്നത്.
മലയാളികളുടെ ജനപ്രിയ ബ്രാന്‍ഡാണ് കേര വെളിച്ചെണ്ണ. എന്നാൽ ജീവനക്കാരുടെ സമരം അനിശ്ചിതമായി നീണ്ടതോടെ കേര വെളിച്ചെണ്ണക്ക് വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ലീവ് ഏകീകരിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. കരുനാഗപ്പള്ളി പുതിയകാവ്, കോഴിക്കോട് ഫാക്ടറികളിലെ 285 ഓളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ജൂലൈ ആദ്യവാരം യൂണിയനുകളുമായി മാനേജ്മെന്‍റ് നടത്തിയ ചർച്ചയിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ നാളിതുവരെ വാക്ക് പാലിച്ചില്ല. പ്രശ്നപരിഹാരത്തിന് തയ്യാറാകാത്തത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ ആണെന്നും ആക്ഷേപം ഉണ്ട്. സമരം നീണ്ടു പോയാൽ കമ്പനി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തും. 17 വർഷം മുൻപാണ് അവസാനമായി കേരഫെഡിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തിയത്.
Adjust Story Font
16