വയനാട്ടില്‍ മലയണ്ണാന്‍റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി വയനാട്
പ്രതീകാത്മക ചിത്രം
വയനാട്: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി വയനാട്. പുൽപ്പള്ളി സുരഭിക്കവലയിൽ കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത്. അതിനിടെ, പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്‍റെ ആക്രമണത്തിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രിയാണ് പാലമറ്റം സുനിലിന്‍റെ വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം. കഴിഞ്ഞയാഴ്ച താന്നിതെരുവ് ശോശാമ്മയുടെ പടുകിടാവിനെയും കടുവ കൊന്നിരുന്നു. ഒരു മാസത്തിനിടെ മാത്രം നാല് വളർത്തുമൃഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്. കടുവയെ എത്രയും വേഗം മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനപാലകരെ ഉപരോധിച്ചു.
പ്രദേശത്ത് ആക്രമണം നടത്തുന്നതെല്ലാം ഒരു കടുവയാണെന്ന് വലപാലകർ സ്ഥിരീകരിച്ചു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാൻ ആകാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. പുൽപ്പള്ളിയിലെ ഇരുളം മിച്ചഭൂമിക്കുന്നിൽ വാസുവിൻ്റെ വീടിനുള്ളിൽ കയറിയ മലയണ്ണാൻ നാലുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. വാസുവിന് പുറമെ വീട്ടിലുണ്ടായിരുന്ന ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരുക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
Adjust Story Font
16