ആർ.എസ്.എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യയെന്ന പേര്: എം.വി ഗോവിന്ദൻ
ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴിയാണ് പേര് മാറ്റമെന്നും എം.വി ഗോവിന്ദന്‍
ഡല്‍ഹി: ആർ.എസ്.എസ് തിട്ടൂരം കൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന പേരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴിയാണ് പേര് മാറ്റമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിൽ. ഹിന്ദുത്വത്തിലേക്കും വർഗീയതയിലേക്കും രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് മാറ്റത്തിന് പിന്നിലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എൻ.സി.ഇ.ആർടി നടപടിക്ക് ബദൽ സംവിധാനം ഒരുക്കാൻ കേരളം സാധ്യത തേടുന്നു. 'ഇന്ത്യ' നിലനിർത്തി സ്വന്തം നിലയ്ക്ക് എസ് .സി.ഇ.ആർ.ടി വഴി പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന് നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കും.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനാണ് എൻ സി ഇ ആർ ടി ആവശ്യപ്പെട്ടത്. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാനാണ് എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയത്.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.
Adjust Story Font
16