കെ.എൻ.എ ഖാദറിന്റെ ആർ.എസ്.എസ് ബാന്ധവം; മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം: ഐ.എൻ.എൽ
'മുസ്ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്'
കോഴിക്കോട്: മുസ്ലിം വംശഹത്യക്കായി മുന്നൊരുക്കങ്ങൾ നടത്തുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധരായ ആർ.എസ്.എസിന്റെ വേദി പങ്കിടുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത പാർട്ടി മുൻ എം.എൽ.എ, കെ.എൻ.എ. ഖാദറിന്റെ നടപടിയെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർ.എസ്.എസ് നേതാവ് ജെ. നന്ദകുമാറിൽ നിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദർ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമുണ്ടായി. മുസ്ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്.
അതല്ല, കോ.ലീ.ബി സഖ്യം സുദൃഢമാക്കാൻ ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയുള്ള പാലം പണിയലാണോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, വിവാദമായ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
Adjust Story Font
16