പിടിവിടാതെ വിജിലൻസ്; കണ്ണൂർ വൈദേകം റിസോർട്ടിൽ പരിശോധന തുടരും
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി
കണ്ണൂർ: കണ്ണൂർ വൈദേകം റിസോർട്ടിൽ തുടർ പരിശോധനക്ക് വിജിലൻസ് നീക്കം. വിദഗ്‌ധ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള പരിശോധനക്കാണ് നീക്കം. റിസോർട്ടിന് അനുമതി നൽകിയ ആന്തൂർ നഗരസഭയിലും പരിശോധന നടത്തും. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധന നടത്തുകയാണ് ചെയ്തതെന്ന് പരിശോധനക്ക് ശേഷം വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശോധനയാണ് ഇന്നലെ നടന്നത്.
നിർമാണവുമായി ബന്ധപ്പെട്ട ചില രേഖകൾ, ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വിജിലൻസ് ശേഖരിക്കുകയും ചെയ്തു. ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ വിജിലൻസിന് നൽകിയിട്ടുണ്ടെന്ന് റിസോർട്ട് അധികൃതർ അറിയിച്ചു. നേരത്തെ, ഈ മാസം ആദ്യം വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പ് ഏഴ് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ഏജൻസി കൂടി റിസോർട്ടിലെത്തുന്നത്.
Adjust Story Font
16