Quantcast

സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ബി.ജെ.പിയിൽ പടപ്പുറപ്പാട്; മുകേഷിനെ പിന്തുണച്ച നിലപാടില്‍ പ്രതിഷേധം

പാർട്ടി നിലപാട് പറയേണ്ടത് സുരേഷ് ഗോപിയല്ലെന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്

MediaOne Logo

Web Desk

  • Updated:

    2024-08-28 08:16:56.0

Published:

28 Aug 2024 7:48 AM GMT

Suresh Gopi
X

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസ്സാരവത്കരിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കൈവിട്ട് സംസ്ഥാന ബി.ജെ.പി. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകളും സുരേഷ് ഗോപിയെ വിയോജിപ്പറിയിച്ചു. പാർട്ടി നിലപാട് പറയേണ്ടത് സുരേഷ് ഗോപിയല്ലെന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്.

ലൈംഗികാരോപണം നേരിടുന്ന മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ മണിക്കൂറുകൾക്കുള്ളിലായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇന്നലെ തള്ളിപ്പറഞ്ഞത്. ഇവിടെ കാര്യങ്ങൾ അവസാനിച്ചില്ല. സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ബി.ജെ.പിയിൽ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. അധ്യക്ഷനടക്കം പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾ മുകേഷിനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ അതിനെതിരായി നിലപാടെടുത്ത സുരേഷ് ഗോപിയുടെ പ്രവൃത്തി തീരെ ശരിയായില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഭാരവാഹികൾ. പി.കെ കൃഷ്ണദാസ് പക്ഷമടക്കം ഇക്കുറി ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്.

മുകേഷിനെതിരെ പാർട്ടി സമരം ചെയ്യുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം. എം.ടി രമേശ്‌ അടക്കമുള്ള നേതാക്കൾ സുരേഷ് ഗോപിയെ ഇതിനോടകം വിയോജിപ്പറിയിച്ചുകഴിഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യരാകട്ടെ, പരസ്യമായി ഫേസ്ബുക്കിൽ രംഗത്തെത്തി. ഇതിനിടെ മുകേഷിനെതിരായ നിലപാട് സുരേന്ദ്രൻ ആവർത്തിച്ചു.

ഒരു മാസത്തിനിടയിൽ രണ്ടാം തവണയാണ് സുരേഷ് ഗോപി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് നേതാക്കളുടെ വാദം. മുകേഷിനനുകൂലമായ പരാമർശത്തിൽ കേന്ദ്ര നേതൃത്വം ഇടപെടാനുള്ള സാധ്യതയും ചെറുതല്ല.



TAGS :

Next Story