ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് വിശദീകരണം തേടൽ: സമസ്തയിൽ ആഭ്യന്തര തർക്കം രൂക്ഷം
കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ നിയമനക്രമക്കേടും ചർച്ചകള്‍ക്ക് കാരണമാവുന്നു
കോഴിക്കോട്: സമസ്ത - മുസ്‍ലിം ലീഗ് തർക്കത്തിന് പിന്നാലെ സമസ്തയിലെ ആഭ്യന്തര തർക്കവും രൂക്ഷമാകുന്നു. ചാനലില്‍ പ്രതികരിച്ചതിന് മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് വിശദീകരണം തേടിയത് സംഘടനക്കകത്ത് വലിയ വിമർശമുയർത്തിയിട്ടുണ്ട്. കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ നിയമനക്രമക്കേടും സമസ്തക്കകത്ത് ചർച്ചകള്‍ക്ക് കാരണമാവുകയാണ്.
സുപ്രഭാതത്തിന് നയമാറ്റമുണ്ടായെന്ന് ചാനലുകളോട് സംസാരിച്ചതിന് മണിക്കൂറുകൾ തികയുന്നതിന് മുമ്പാണ് മുശാവറ അംഗവും സുപ്രഭാതം എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് നേതൃത്വം വിശദീകരണം തേടിയത്. 48 മണിക്കൂറിനകം വിശീദകരണം നല്കണമെന്ന രീതിയിലുള്ള നീക്കം അസാധാരണമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. സമസ്തയുടെ പാരമ്പര്യ സമീപനത്തിന് വ്യത്യസ്തമായി രാഷ്ട്രീയ നിലപാടടക്കം ചാനലുകളോട് സംസാരിച്ച ഉമർഫൈസി മുക്കത്തോട് എന്ത്കൊണ്ട് വിശദീകരണം ചോദിച്ചില്ല എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.
ബഹാഉദ്ദീന്‍ നദ് വിക്കെതിരെ നടപടിയുണ്ടായാല്‍ അത് സംഘടനക്കകത്ത് കൂടതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. ഇതിനിടെ ഉമർഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ മുഖ്യമന്ത്രിയുമായി നടത്തി കൂടിക്കാഴ്ചയും വിവാദത്തിലായിട്ടുണ്ട്. വിദ്യാഭ്യാസ ബോർഡിന്റെ തീരുമാനപ്രകാരമാണ് കൂടിക്കാഴ്ചയെങ്കിലും കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അധ്യാപക നിയമനക്രമക്കേട് വിഷയം ചർച്ച ചെയ്തെന്ന റിപ്പോർട്ടുകള്‍ വിമർശത്തിന് ഇടയാക്കി.
ബന്ധുക്കള്‍ക്കായി സമസ്തയുടെസ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഹമീദ് ഫൈസിയുടെ എതിർചേരിയില്‍ നില്‍ക്കുന്നവർ സജീവ ചർച്ചയാക്കിയിട്ടുണ്ട്. ലീഗുമായുള്ള സമീനപത്തിലുണ്ടായ അഭിപ്രായ വ്യത്യാസം സംഘടനകക്കത്തെ അഭിപ്രായ വ്യത്യാസമായി വികസിക്കുന്ന കാഴ്ചയാണ് സമസ്തയില്‍ ഇപ്പോള്‍ കാണുന്നത്.
Adjust Story Font
16