അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മാധ്യമപ്രവർത്തക കെ.കെ. ഷാഹിനക്ക്
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഷാഹിന
ന്യൂയോർക്ക്: അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം പ്രശസ്ത മാധ്യമ പ്രവർത്തക കെ.കെ ഷാഹിനക്ക്. കേരളത്തിൽ നിന്ന് ഇന്‍റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടുന്ന ആദ്യ മാധ്യമപ്രവർത്തകയാണ് ഷാഹിന. ഔട്ട് ലുക്ക് മാഗസിൻ സീനിയർ എഡിറ്ററായ ഷാഹിന അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ്. മഅ്ദനിക്കെതിരെ വ്യാജതെളിവുകൾ സമർപ്പിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് ഷാഹിനക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.
ഭരണകൂടങ്ങളുടെ മർദ്ദനങ്ങളേയും അടിച്ചമർത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേണലിസ്റ്റുകളെ അന്തർദ്ദേശീയ തലത്തിൽ ആദരിക്കുന്നതിനാണ് 1996 മുതൽ പ്രസ് ഫ്രീഡം പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയേഴ് വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ ഇതുവരെ മൂന്ന് ഇന്ത്യൻ ജേണലിസ്റ്റുകൾക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
തോഗോയിൽ നിന്നുള്ള ഫെർഡിനാന്റ് അയീറ്റേ, ജോർജിയൻ ജേണലിസ്റ്റ് നിക ജരാമിയ, മെക്‌സിക്കോയിൽ നിന്നുള്ള മരിയ തെരേസ മൊണ്ടാനോ എന്നിവരാണ് കെ.കെ.ഷാഹിനകയ്‌ക്കൊപ്പം ഈ വർഷത്തെ പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
'മാധ്യമപ്രവർത്തനത്തിന് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്തും ജേണലിസ്റ്റുകൾ മുന്നോട്ട് വരികയും സുപ്രധാന വിഷയങ്ങൾ റിപ്പോർട്ട് ചെയ്ത് നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്നുണ്ട്. - കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ പ്രസിഡന്റ് ജോഡീ ഗിൻസ്ബർഗ് പറഞ്ഞു. 'നിശബ്ദരാക്കാനുള്ള സർവ്വ ശ്രമങ്ങളേയും അതിജീവിച്ച് അഴിമതിയും ഭരണകൂടങ്ങളുടെ അതിക്രമങ്ങളും ദുർപ്രവർത്തികളും തുടർന്നും റിപ്പോർട്ട് ചെയ്യുന്ന ധീരരായ മാധ്യമപ്രവർത്തകരാണ് ഇൗ വർഷത്തെ പുരസ്‌കാരം നേടിയാണത്. അവരെ അംഗീകരിക്കാൻ കഴിഞ്ഞത് വളരെ പ്രധാനമാണ്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ ജേണലിസ്റ്റായ യൂസഫ് ജമീൽ (1996), ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാലിനി സുബ്രഹ്മണ്യൻ (2016), ഡൽഹിയിലെ വിഖ്യാത ഫ്രീലാൻസ് ജേണലിസ്റ്റായ നേഹ ദീക്ഷിത് എന്നിവർക്കാണ് ഇതിന് മുമ്പ് അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. രണ്ടര പതിറ്റാണ്ടിലേറെയായി സജീവ മാധ്യമപ്രവർത്തന രംഗത്തുള്ള ആളാണ് ഷാഹിന.
Adjust Story Font
16