കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
'പിഴവുകൾ കണ്ടെത്തിയാൽ കർശന നടപടി'
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആരോപണം ഗൗരവതരമാണ്. ഹെൽത്ത് സർവീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. ഫുട്‌ബോൾ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകി എന്നാണ് കുടുംബത്തിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു.
കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ സുൽത്താൻ സിദ്ദിഖിന്റെ കൈയിലെ എല്ലുകൾ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാർ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. എക്‌സ്-റേ മെഷീൻ പ്രവർത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയിൽ നിന്ന് എക്‌സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു. എക്‌സ് റേ യിൽ കൈത്തണ്ടയിലെ രണ്ട് എല്ലുകളിൽ പൊട്ടൽ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദൻ സ്ഥലത്തില്ലാത്തതിനാൽ ഡ്യൂട്ടി ഡോക്ടർ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ വിജുമോൻ പരിശോധിച്ച് സർജറി നിർദ്ദേശിച്ചു. പക്ഷേ 30 ന് അഡ്മിറ്റ് ചെയ്ത വിദ്യാർഥിയുടെ സർജറി നടന്നത് ഒന്നാം തീയതിയാണ്.
14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അപ്പോഴേക്കും സ്ഥിതി അതീവ ഗുരുതരമായി. പിന്നാലെ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 14 ന് കൈ മുറിച്ച് മാറ്റുകയായിരുന്നു.
Adjust Story Font
16