മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മീഷ്ണർ നിർദേശം നൽകിയത്.
ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരിൽ നിന്ന് മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. അനിൽ അക്കരയുടെ മൊഴി നാളെയെടുക്കും. നാളെ രാവിലെ 11 മണിക്ക് കമ്മീഷണർ ഓഫീസിലെത്തി മൊഴി നൽകുമെന്ന് അനിൽ അക്കരെ അറിയിച്ചു.
തൃശൂരില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ നിലപാട്.
Adjust Story Font
16