മാസപ്പടി വിവാദം: പ്രതിരോധം തീർക്കാൻ സി.പി.എം
കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് സി.പി.എം ആരോപണം
വീണ വിജയന്‍
തിരുവനന്തപുരം: മാസപ്പടി വിവാദത്തിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയർത്തി പ്രതിരോധം തീർക്കാൻ സി.പി.എം. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജന്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഒക്കെ വരാൻ ഇരിക്കുകയല്ലേ എന്നതായിരിന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. അതേസമയം, മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സി കൂടി ഭാഗമായതോടെ സി.പി.എമ്മിനൊപ്പം സർക്കാറും പ്രതിരോധത്തിലായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിനെ അടക്കം ബന്ധിപ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് സി.പി.എം രാഷ്ട്രീയ പ്രതിരോധവുമായി രംഗത്ത് വന്നത്. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതായിരിന്നു സി.പി.എം ആരോപണം.
എക്സാലോജിക്കിനും കെ.എസ്.ഐ.ഡി.സിക്കും എതിരായ കേന്ദ്ര അന്വേഷണത്തേയും സി.പി.എം അങ്ങനെ തന്നെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന എൽ.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ വാക്കുകളില്‍നിന്ന് സി.പി.എം നിലപാട് വ്യക്തമാണ്.
അതേസമയം, കെ.എസ്.ഐ.ഡി.സിയുടെ ചുമതലുള്ള മന്ത്രി പി. രാജീവ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി. ബി.ജെ.പി - ആർ.എസ്.എസ് രാഷ്ട്രീയത്തിന് വഴിതെളിക്കാനാണ് അന്വേഷണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സുതാര്യ ഇടപാടാണെന്ന് പറഞ്ഞിരുന്ന സി.പി.എമ്മിന്, കെ.എസ്.ഐ.ഡി.സി കൂടി അന്വേഷണത്തിന്‍റെ ഭാഗമായതോടെ ഇനി അങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
കരിമണല്‍ കമ്പനി സി.എം.ആര്‍.എല്ലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനുള്ള ബന്ധം അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
2017ലാണ് എക്‌സാലോജിക്കും സി.എം.ആർ.എല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരമാണ് വീണയ്ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആർ.എൽ നൽകി വന്നിരുന്നത്. എന്നാൽ, പണം നൽകിയ ഈ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സി.എം.ആർ.എല്ലിനു നൽകിയിട്ടില്ലെിന്നു കണ്ടെത്തി.
സി.എം.ആർ.എൽ ഡയറക്ടർ ശശിധരൻ കർത്ത ആദായ നികുതി തർക്ക പരിഹാര ബോർഡിനു നൽകിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിനു നൽകിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.
Adjust Story Font
16