കരുവന്നൂർ കള്ളപ്പണക്കേസ്; വടക്കാഞ്ചേരി നഗരസഭാംഗം മധു അമ്പലപ്പുരത്തിനെ ഇന്ന് ചോദ്യം ചെയ്യും
കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ, മധു അമ്പലപ്പുരത്തിന്‍റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം
കരുവന്നൂര്‍ സഹകരണ ബാങ്ക്
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ, മധു അമ്പലപ്പുരത്തിന്‍റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആര്‍ അരവിന്ദാക്ഷനും തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്കും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരുന്ന മൂന്നാമത്തെ സി.പി.എം കൗൺസിലർ ആണ് മധു അമ്പലപുരം.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്നാരോപിച്ച് തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഇ.ഡിയുടെ കൈവശമാണെന്ന് ബാങ്ക് മറുപടി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് രേഖകൾ തിരിച്ചു നൽകാൻ എന്താണ് തടസം എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇഡി ഇന്ന് വ്യക്തത വരുത്തും. 50 സെന്‍റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറിൽ തിരിച്ചടച്ചെന്നാണ് ഹരജിക്കാരന്‍റെ വാദം. ജസ്റ്റിസ് സതീഷ് നൈനാനാണ് ഹരജി പരിഗണിക്കുക.
Adjust Story Font
16