നരബലി കേസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും; പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്
ഇലന്തൂര്‍: ഇലന്തൂർ നരബലി കേസിൽ കണ്ടെത്തിയ തെളിവുകൾ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യുന്നത് കൊച്ചിയിൽ ഇന്നും തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. പത്തനംതിട്ട , എറണാകുളം ജില്ലകൾക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇലന്തൂരില്‍ നിന്ന് പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച മൂന്ന് പ്രതികളെയും ഇന്നലെ മുഴുവന്‍ സമയവും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇലന്തൂരിലെ വീട്ടീല്‍ നിന്നും പറമ്പില്‍ നിന്നുമായി കണ്ടെടുത്ത തെളിവുകളുടെ വിശദമായ പരിശോധനയും ഒരേ സമയം നടത്തുകയാണ് പൊലീസ്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ക്കൊപ്പം നിരവധി തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മനുഷ്യ മാംസം പാചകം ചെയ്ത പ്രഷർ കുക്കർ , രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗങ്ങള്‍ തുടങ്ങി 40ലധികം തെളിവുകൾ ഫോറൻസിക് പരിശോധനയില് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഷാഫി നൽകുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തികളും വാങ്ങിയ കടകളിൽ ഭഗവൽ സിങിനെ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇനി ഇലന്തൂരിൽ നടക്കാനുള്ളത്. ഇതിനായി ഭഗവൽ സിംഗിനെ വീണ്ടും ഇളന്തുരിലെത്തിക്കും.
മൂന്ന് വർഷമായി പ്രതികൾ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. റോസ്‌ലിന്‍റെയും പത്മത്തിന്‍റെ കൊലപാതകങ്ങൾക്ക് മുൻപ് തന്നെ നിരവധി സ്ത്രീകളെയും വിദ്യാർഥികളെയും വലയിക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Adjust Story Font
16