'തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കണം'; ആന്റണി രാജുവിനെതിരെ ഹരജി
കോടതിയിൽ കേസ് പലതവണ മാറ്റിവെച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി
എറണാകുളം: തൊണ്ടിമുതൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയിൽ ഹരജി. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ലഹരി കേസിൽ വിചാരണ അനന്തമായി നീളുന്നതിൽ ഹൈക്കോടതി ഇടപെടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഇതു സംബന്ധിച്ച ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തൊണ്ടിമുതൽ കൃത്രിമം നടത്തിയെന്ന കേസിൽ അന്വേഷണം ഇഴയുകയാണെന്ന വിമർശനമുയർന്നിരുന്നു.
ലഹരിക്കേസിൽ വിചാരണ അനന്തമായി നീളുകയാണ്. കോടതിക്കെതിരെയും അന്വേഷണം വേണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. കോടതിയിൽ ഈ കേസ് പലതവണ മാറ്റിവെച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്രയും അനന്തമായി വിചാരണ നീളുന്നതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണം നടക്കേണ്ടതെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്കും ചീഫ് ജസ്റ്റിസിനും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കോടതിയിലിരുന്ന തൊണ്ടിമുതലിൽ മുൻ അഭിഭാഷകനായ മന്ത്രി തിരുമറികാട്ടി വിദേശിയായ മയക്കുമരുന്ന് പ്രതിയെ രക്ഷിക്കുവാൻ കൂട്ടുനിന്നുവെന്നതാണ് മന്ത്രിക്കെതിരായ കേസ്.
കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ,ആന്റണി സർക്കാരിന്റെ കാലത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയിൽ തള്ളി. രണ്ട് റിപ്പോർട്ടുകൾ യുഡിഎഫ് ഭരണ കാലത്താണ്. കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത്. ഒരു പോസ്റ്റിങ് പോലും കോടതിയിൽ മാറ്റി വെച്ചിട്ടില്ല. ഇന്റർപോൾ റിപ്പോർട്ടിൽ പോലും പേരില്ലെന്ന് ആന്റണി രാജു പറഞ്ഞു. കേസ് നീട്ടി വക്കാൻ താൻ ഇടപെട്ടു എന്നത് തെളിയിക്കാൻ, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ഇതെല്ലാം അതിജീവിച്ചാണ് മന്ത്രി ആയത്. ഒന്നിലും ഭയം ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഈ കേസ് വിവരങ്ങൾ പത്രങ്ങളിൽ പരസ്യമാക്കിയതാണ്. പുതുതായി ഒന്നും ഇല്ലെന്നും മന്ത്രി വിശദീകരിച്ചു.
എന്നാൽ മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച്, മയക്കു മരുന്നു കടത്തുകാരനെ രക്ഷപ്പെടുത്തിയ കേസാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് കോടതിയെ കുറിച്ചു അറിവ് ഇല്ല എന്നു ആന്റണി രാജു പരിഹസിച്ചു. ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും മന്ത്രിയും തമ്മിൽ വാദപ്രതിവാദം നടന്നു. ഇങ്ങനെ ചർച്ച കൊണ്ടു പോകാൻ ആകില്ലെന്ന് ചെയർ വ്യക്തമാക്കി.
Adjust Story Font
16