ഐപിഎൽ താരലേലം കൊച്ചിയിൽ; കേരളം വേദിയാവുന്നത് ആദ്യമായി
ഓരോ ഫ്രാഞ്ചൈസികളും അവർ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ 15 നകം നൽകണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
കൊച്ചി: 2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഡിസംബർ 23 ന് കൊച്ചിയിൽ നടക്കും. കേരളത്തിൽ ആദ്യമായാണ് ഐപിഎൽ ലേലം നടക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ വിശാലമായ ലേലമായിരിക്കില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രമുള്ള മിനി ലേലമാണ് നടക്കുക.
കഴിഞ്ഞ തവണത്തെ ലേലത്തിൽ ബാക്കിവന്ന തുക കൂടാതെ അഞ്ച് കോടിയോളം അധിക തുക ഓരോ ടീമിനും അനുവദിച്ചിട്ടുണ്ട്. 95 കോടിയാണ് മൊത്തം ലേലത്തിനായി അനുവദിച്ചത്. ലേലത്തിനായി അധികൃതർ അടുത്ത മാസം കൊച്ചിയിൽ എത്തും. നേരത്തെ ലേലം ബെംഗളുവിലാണ് നടക്കുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് കേരളം വേദിയായത്. ഓരോ ഫ്രാഞ്ചൈസികളും അവർ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ 15 നകം നൽകണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
3.45 കോടിയാണ് പഞ്ചാബ് കിങ്‌സിന്റെ കൈവശമുള്ളത്. ഇതാണ് ഒരു ടീമിന്റെ മിച്ചമുള്ള കൂടുതൽ തുക . കഴിഞ്ഞ ലേലത്തിൽ മുഴുവൻ തുകയും ചിലവഴിച്ച ലഖ്നൗ സൂപ്പർ ജയന്റ്സാണ് ഏറ്റവും പിന്നിൽ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ കയ്യിൽ 2.95 കോടിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 1.55 കോടിയും രാജസ്ഥാൻ റോയൽസ് 0.95 കോടിയും ബാക്കിയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 0.45 കോടി, ഗുജറാത്ത് ടൈറ്റൻസ് 0.15 കോടി മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്ക് 0.10 കോടി വീതവുമാണ് ഉള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.
Adjust Story Font
16