Quantcast

സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പേ തലസ്ഥാനത്ത് ഐപിഎസ് -ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം

കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുമ്പോൾ മുങ്ങിമരിച്ച പൊലിസുകാരന്റെ സംസ്‌കാരം നടക്കുന്നതിന് മുമ്പായിരുന്നു എഡിജിപി ഉൾപ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം നടന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-19 11:32:28.0

Published:

19 Dec 2021 9:04 AM GMT

സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പേ തലസ്ഥാനത്ത് ഐപിഎസ് -ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം
X

സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പേ തലസ്ഥാനത്ത് ഐപിഎസ് -ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം. കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുമ്പോൾ മുങ്ങിമരിച്ച പൊലിസുകാരന്റെ സംസ്‌കാരം നടക്കുന്നതിന് മുമ്പായിരുന്നു എഡിജിപി ഉൾപ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം നടന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിൽ എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യ, തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന തുടങ്ങിയവരാണ് പങ്കെടുത്തത്.

പോത്തൻകോട് സുധീഷ് വധക്കേസ് പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പൊലിസുകാരൻ ബാലുവിന്റെ സംസ്‌കാരം ഇന്നാണ് നടക്കുന്നത്. മൃതദേഹം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. പുന്നപ്രയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഇന്നലെ ഉച്ചയോടെയാണ് പോത്തൻകോട് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിച്ചത്.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

ആലപ്പുഴയിലെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലിസ് പറയുന്നു.

TAGS :

Next Story