അട്ടപ്പാടിയിൽ അനധികൃത മരുന്ന് വിതരണത്തിനെതിരെ ഷോളയൂർ പഞ്ചായത്തിൻ്റെ പ്രമേയം
സർക്കാറിന്റെയും , പഞ്ചായത്തിന്റെയും കോവിഡ് പ്രതിരോധത്തെ തകർക്കാനാണ് മരുന്ന് വിതരണം നടത്തിയതെന്ന് സംശയിക്കുന്നതായും പഞ്ചായത്തിന്റെ പ്രമേയത്തിൽ പറയുന്നുണ്ട്
അട്ടപ്പാടിയിൽ അനധികൃത മരുന്ന് വിതരണത്തിനെതിരെ ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. ഭരണ , പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. എച്ച്.ആർ.ഡി.എസിന്റെ മുഴുവൻ പ്രവർത്തനങ്ങളും അന്വേഷിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ആദിവാസി ഊരുകളിൽ ഉൾപ്പടെ എച്ച്.ആർ.ഡി.എസ് അനധികൃതമായി മരുന്ന് വിതരണം നടത്തിയ സംഭവത്തിലാണ് ഷോളയൂർ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ആർ ജിതേഷ് അവതരിപ്പിച്ച പ്രമേയത്തെ പി.രാമമൂർത്തി , ഡി.രവി എന്നിവർ പിന്തുണയ്ക്കുകയും ഭരണ- പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയും ചെയ്തു.
എച്ച്.ആർ.ഡി.എസ് വിതരണം ചെയ്ത മരുന്നുകളുടെ ഗുണ നിലവാരത്തിൽ സംശയമുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. സർക്കാറിന്റെയും , പഞ്ചായത്തിന്റെയും കോവിഡ് പ്രതിരോധത്തെ തകർക്കാനാണ് മരുന്ന് വിതരണം നടത്തിയതെന്ന് സംശയിക്കുന്നതായും പഞ്ചായത്തിന്റെ പ്രമേയത്തിൽ പറയുന്നുണ്ട്. നേരത്തെയും ആദിവാസികളുടെ രേഖകൾ എച്ച്.ആർ.ഡി.എസ് ശേഖരിച്ചിട്ടുണ്ട്. എച്ച്.ആർ.ഡി.എസിന്റെ അട്ടപ്പാടിയിലെ മുൻകാല പ്രവർത്തനങ്ങളും , ഭൂമി ഇടപാടുകളും ഉൾപ്പടെ അന്വേഷിക്കണമെന്നും ഷൊളയൂർ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
Adjust Story Font
16