Quantcast

നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേട്; സംസ്ഥാന വ്യാപകമായി ഗ്രാമപ്പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന

'ഓപ്പറേഷൻ ബ്ലൂപ്രിന്റ്'എന്നപേരിൽ 57 ഗ്രാമപ്പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പരിശോധന നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-12 10:02:26.0

Published:

12 Oct 2023 10:00 AM GMT

നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേട്; സംസ്ഥാന വ്യാപകമായി ഗ്രാമപ്പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന
X

കൊച്ചി: സംസ്ഥാന വ്യാപകമായി ഗ്രാമപ്പഞ്ചായത്തുകളിൽ വിജിലൻസിന്റെ പരിശോധന. 'ഓപ്പറേഷൻ ബ്ലൂപ്രിന്റ്'എന്നപേരിൽ 57 ഗ്രാമപ്പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പരിശോധന നടക്കുന്നത്. നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടെ ക്രമക്കേട് നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് പരിശോധന.

രാവിലെ 10.30 മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. വിജിലൻസിന് ലഭിച്ചിട്ടുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഗ്രാമ പഞ്ചയത്തുകൾ മുഖേന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും ഇത്തരത്തിൽ ഒരുപാട് പരാതികളും ആരോപണങ്ങളും ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന.

ചില മരാമത്ത് പണികളിൽ ടെൻഡർ നൽകുന്ന കാര്യങ്ങളിലും ക്രമക്കേടുകൾ നടന്നതായി ആരോപണമുയരുന്നുണ്ട്. കെട്ടിട പെർമിറ്റ് അനുവദിക്കുന്ന കാര്യത്തിലും കെട്ടിട നമ്പർ നൽകുന്നതിലും ഉദ്യോഗസ്ഥർ കാലാതാമസം നടത്തുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇത് കൈക്കൂലി വാങ്ങുന്നതിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് വിജിലൻസിന്റെ കണക്ക്കൂട്ടൽ. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥല പരിശോധനയും വിജിലൻസ് നടത്തുന്നുണ്ട്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത്. എറണാകുളം ജില്ലയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലാണ് പരിശോധന നടക്കുന്നത്. ഇടുക്കി കോട്ടയം ജില്ലകളിലെ അഞ്ചു പഞ്ചായത്തുകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, ജില്ലകളിൽ നാല് പഞ്ചായത്തുകളിലുമാണ് പരിശോധന നടക്കുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരിശോധ പൂർത്തിയാകും.

TAGS :

Next Story