ആദ്യം 24 മാർക്ക്, റീവാല്വേഷനില്‍ 17 മാര്‍ക്ക്; റിവ്യുവില്‍ ലഭിച്ചതോ 76 മാര്‍ക്കും! കെ.ടി.യു മൂല്യനിര്‍ണയത്തില്‍ വന്‍ വീഴ്ച
ബി.ടെക്കിന് ഒരു വിഷയത്തിന് മാത്രം തോറ്റ രണ്ട് വിദ്യാര്‍ത്ഥിനികളായിരുന്നു പരാതിക്കാര്‍.
സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിംഗ് പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച. പുനര്‍ മൂല്യനിര്‍ണയത്തില്‍ 17 മാര്‍ക്ക് 76 ഉം പത്ത് മാര്‍ക്ക് 46 ഉം ആയി ഉയര്‍ന്നതോടെയാണ് ആദ്യ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ വ്യക്തമായത്. ലോകായുക്ത ഉത്തരവ് പ്രകാരമായിരുന്നു പുനര്‍ മൂല്യനിര്‍ണയം.
ബി.ടെക്കിന് ഒരു വിഷയത്തിന് മാത്രം തോറ്റ രണ്ട് വിദ്യാര്‍ത്ഥിനികളായിരുന്നു പരാതിക്കാര്‍. ഏഴാം സെമസ്റ്റര്‍ സ്ട്രക്ചറല്‍ അനാലിസിസ് പേപ്പറില്‍ തോറ്റ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിവേഴ്സിറ്റി ആദ്യം നല്‍കിയത് 24 ഉം 22 ഉം മാര്‍ക്കുകള്‍. വിദ്യാര്‍ത്ഥിനികള്‍ പുനഃപരിശോധന ആവശ്യവുമായി എത്തി. ഇതോടെ ഈ മാര്‍ക്ക് പതിനേഴും പത്തുമായി കുറഞ്ഞു.
ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് എടുത്ത വിദ്യാര്‍ത്ഥിനികള്‍ ലോകായുക്തക്ക് മുന്നില്‍ പരാതിയുമായെത്തി. ലോകായുക്ത ഉത്തരവ് പ്രകാരം സര്‍വകലാശാല ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ റിവ്യു കമ്മിറ്റിയെ വെച്ചു. കമ്മിറ്റി നടത്തിയ പരിശോധനയിലാണ് മൂല്യനിര്‍ണയത്തിലെ ഗുരുതര വീഴ്ച കണ്ടെത്തി. 17 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് 76 ആയി ഉയര്‍ന്നു. 10 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിനിക്ക് റിവ്യുകമ്മിറ്റി പരിശോധനയില്‍ 46 മാർക്കും ലഭിച്ചു. ഇതോടെ രണ്ടുവിദ്യാര്‍ത്ഥിനികളും ബി.ടെക്ക് ജയിച്ചു.
വീഴ്ച സര്‍വകലാശാലയുടേതായിരുന്നെങ്കിലും പണം ഈടാക്കാന്‍ യൂണിവേഴ്സിറ്റി മറന്നില്ല. പുനര്‍മൂല്യനിര്‍ണയത്തിന്‍റെ പേരില്‍ 5,൦൦൦ രൂപ വീതമാണ് ഫീസായി ഈടാക്കിയത്. ഈ സംഭവം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി.
Adjust Story Font
16