'കെ.വിദ്യയുടെ എം.ഫില്ലിലും ക്രമക്കേട്': ആരോപണവുമായി കെ.എസ്.യു
"ഒരേ സമയം വിദ്യ ഫെലോഷിപ്പും കോളജിൽ നിന്ന് ശമ്പളവും വാങ്ങി"
എസ്എഫ്‌ഐ മുൻനേതാവ് കെ.വിദ്യക്കെതിരെ പുതിയ ആരോപണവുമായി കെ.എസ്.യു. വിദ്യ എം.ഫിൽ എടുത്തതിലും ക്രമക്കേടുണ്ടെന്നും എം.ഫിൽ പഠനത്തിനിടെ ജോലി ചെയ്യാൻ പാടില്ലെന്ന നിയമം വിദ്യ പാലിച്ചില്ലെന്നും കെ.എസ്.യു വൈസ് പ്രസിഡന്റ് പി.ഷമാസ് ആരോപിച്ചു.
"കെ.വിദ്യ 2018 ഡിസംബർ മുതൽ 2019 വരെ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതേകാലയളവിൽ തന്നെ 2019 ജൂൺ മുതൽ അഞ്ച് മാസം ശ്രീശങ്കര കോളജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തു. കാലടി സർവകലാശാല തന്നെ പുറത്തിറക്കിയിരിക്കുന്ന 2017ലെ എം.ഫിൽ മാനദണ്ഡങ്ങളനുസരിച്ച് എം.ഫിൽ ഒരു വർഷ മുഴുവൻ സമയ കോഴ്‌സ് ആയാണ് പറയുന്നത്".
"80 ശതമാനം അറ്റൻഡൻസ് വേണമെന്നും കോഴ്‌സ് ചെയ്യുന്നവർ പ്രവേശന സമയത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള ലീവ് അനുമതിപത്രവും എൻഒസിയും ഹാജരാക്കണമെന്നും പറയുന്നുണ്ട്. ഒരു വർഷം എം.ഫിൽ ചെയ്യുന്ന വിദ്യ ഒരു വശത്ത് വിദ്യാർഥിയായിരിക്കുകയും മറുവശത്ത് അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. ഒരേസമയം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും വാങ്ങി ശമ്പളവും വാങ്ങി. ചെപ്പടിവിദ്യ പഠിച്ചയാളാണ് വിദ്യ". ഷമാസ് പറഞ്ഞു.
Adjust Story Font
16