Quantcast

മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്- എ.എൻ ഷംസീർ

''ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രചാരകന്മാരായി യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനം മാറുന്നു''

MediaOne Logo

Web Desk

  • Updated:

    2022-06-28 13:26:19.0

Published:

28 Jun 2022 9:29 AM GMT

മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്- എ.എൻ ഷംസീർ
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇസ്‌ലാമോഫോബിയയുണ്ടെന്ന് സി.പി.എം നേതാവ് എ.എൻ ഷംസീർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏക നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രചാരകന്മാരായി യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനം മാറുന്നു. അതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണം. ലോകത്താകെ ഇസ്‌ലാമോഫോബിയയുണ്ട്. ആ ഇസ്‌ലാമോഫോബിയയുടെ വക്താക്കളായി ലീഗ് മാറാൻ പാടുണ്ടോ? കോൺഗ്രസിനെ പറഞ്ഞിട്ട് കാര്യമില്ല, അവർ എന്തും പറയും-ഷംസീർ പറഞ്ഞു.

ഏറ്റവും വലിയ വർഗീയ വിഷം നിറഞ്ഞയാളാണ് കൃഷ്ണരാജ്. ഇത് ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി അറിയണം. തൃശൂർ മെഡിക്കൽ കോളജിൽ ജാനകിയും നവീൻ റസാഖും എന്നു പേരുള്ള രണ്ട് കുട്ടികൾ ഒന്നിച്ച് നൃത്തം ചെയ്തപ്പോൾ അതിന് വർഗീയച്ചുവ നൽകിയ വർഗീയ ഭ്രാന്തനാണ്. പ്രതിപക്ഷ നേതാവിന്റെ ഒക്കച്ചെങ്ങായിയാണിയാൾ. ഒന്നാം സ്വർണക്കടത്ത് പൊട്ടിയ പോലെ രണ്ടാം സ്വർണക്കടത്തും പൊട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''നിങ്ങളുടെ ലക്ഷ്യം പിണറായിയാണെങ്കിൽ ഒരു കാര്യം പറയാം. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയർന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. താഗ്യനിർഭരമായ സമരത്തിന്റെ, സഹനത്തിന്റെ കഥകൾ പറയാനുണ്ട് അദ്ദേഹത്തിന്. അഞ്ചു പതിറ്റാണ്ടിലേറെ കേരളത്തിൽ യു.ഡി.എഫും ആർ.എസ്.എസ്സും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. അടിയന്തരാവസ്ഥയിൽ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ട് ഉരുട്ടി. അദ്ദേഹത്തിന്റെ കാല് തകർത്തു. മാസങ്ങളോളം ജയിലിലിട്ടു. ഒരു വർഷത്തോളം കൂടെ ലീഗിന്റെ ചില നേതാക്കന്മാരും ഉണ്ടായിരുന്നു.''

''അതിനുശേഷം കോൺഗ്രസിന്റെ ആളുകൾ കൊല്ലാൻ ശ്രമിച്ചു. തലശ്ശേരിയിൽ നടന്ന ഒരു ചടങ്ങിൽ കോൺഗ്രസിന്റെ അന്നത്തെ പ്രമുഖനായ ഗുണ്ടാത്തലവൻ മമ്പറം ദിവാകരൻ പറഞ്ഞു, അരയിൽ കത്തിയുമായി താൻ എത്രയോ നടന്നിട്ടുണ്ടെന്ന്. ആർ.എസ്.എസ് ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. അതിലും പരാജയപ്പെട്ടു.''

തലശ്ശേരി കലാപത്തിന്റെ സമയത്ത് മതന്യൂനപക്ഷങ്ങൾക്ക് സാന്ത്വനമേകിയ രാഷ്ട്രീയക്കാരനാണ് പിണറായി. എന്തുകൊണ്ട് ഇടതുപക്ഷം വീണ്ടും വന്നു? മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്. അത് തൊള്ളായിരത്തി എഴുപതിൽ അവർ തിരിച്ചറിഞ്ഞതാണ്. ടി. പത്മനാഭന്റെ കഥയുണ്ട്, 'പ്രകാശം പരത്തുന്ന പെൺകുട്ടി'. ഈ നാട്ടിൽ പ്രകാശം പരത്തിയ ഒരാളുണ്ടെങ്കിൽ അത് ഈ മനുഷ്യനാണ്. 96 മുതൽ 98 വരെ അദ്ദേഹം കേരളത്തിന്റെ വൈദ്യുതി മന്ത്രിയായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ കേരളത്തിനാകെ വെളിച്ചം നൽകിയത് അന്നത്തെ ഇടതുപക്ഷ സർക്കാരാണ്. അതിനു നേതൃത്വം നൽകിയത് പിണറായി വിജയനാണ്. അതിന്റെ പേരിലാണ് ലാവ്‌ലിൻ കേസെന്നും എ.എൻ ഷംസീർ കൂട്ടിച്ചേർത്തു.

Summary: There is Islamophobia in gold smuggling case, Muslim League should not go with it, says AN Shamseer

TAGS :

Next Story