വന്ദനാ ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകാൻ തീരുമാനം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേയാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്
ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകും. ആരോഗ്യശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിങ് കൗൺസിലാണ് തീരുമാനമെടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേയാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഡോക്ടറെ കുത്തിയത്. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതി നെടുമ്പനയിലെ യു.പി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്കും കുത്തേറ്റിരുന്നു.
Adjust Story Font
16