Quantcast

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസ്; നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് അഞ്ചു വര്‍ഷം

കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന്‍റെ ഗതിയെ തന്നെ മാറ്റി

MediaOne Logo

Web Desk

  • Published:

    17 Feb 2022 1:32 AM GMT

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസ്; നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് അഞ്ചു വര്‍ഷം
X

കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്ന് 5 വർഷം പൂർത്തിയാകുന്നു. കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന്‍റെ ഗതിയെ തന്നെ മാറ്റി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിചാരണ കാലാവധിയും നീട്ടിയിട്ടുണ്ട്.

2017 ഫെബ്രുവരി 17.. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകവേ, നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിനെ മറ്റൊരു വാഹനം കൊണ്ടിടിപ്പിക്കുന്നു. പിന്നാലെ വാഹനം തടഞ്ഞു നിർത്തി നടിയെ തട്ടിക്കൊണ്ടുപോയ അക്രമികള്‍, ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിന്‍ നടിയെ സംവിധായകനും നടനുമായ ലാലിന്‍റെ വീട്ടിലെത്തിച്ചു. എന്താണുണ്ടായതെന്ന് സ്ഥലത്തെ എം.എൽ.എ പി.ടി തോമസിനെ അറിയിച്ചതോടെ, അന്നു തന്നെ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം വണ്ടിയോടിച്ചിരുന്ന മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഫെബ്രുവരി 23നാണ് മുഖ്യപ്രതി പൾസർ സുനി പിടിയിലാകുന്നത്. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

നടിയെ തട്ടിക്കൊണ്ടു പോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്നായിരുന്നു പള്‍സര്‍ സുനി നല്‍കിയ മൊഴി. സുനി സഹതടവുകാരോട് നടത്തിയ വെളിപ്പെടുത്തലുകളും ജയിലിൽ വെച്ച് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതുമാണ് ദിലീപിലേക്ക് അന്വേഷണമെത്താന്‍ കാരണം. ദിലീപിനെ അന്വേഷണ സംഘം ആദ്യമായി ചോദ്യം ചെയ്തത് 2017 ജൂൺ 28നാണ്. ആ ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടുനിന്നു. പിന്നാലെ ജൂലൈ 10ന് ദിലീപ് അറസ്റ്റിലാകുന്നു. നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ഇതിനിടയിൽ തന്നെ പലതവണ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ഒടുവിൽ 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടെ നടിയുടെ ആവശ്യം പരിഗണിച്ച് വനിതാ ജഡ്ജിയെ നിയമിച്ച് വിചാരണക്കായി പ്രത്യേക കോടതിയും സ്ഥാപിച്ചു. സുപ്രിം കോടതി സമയപരിധി പലവട്ടം നീട്ടി നല്‍കിയെങ്കിലും വിചാരണ ഇനിയും അവസാനിച്ചിട്ടില്ല. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് തന്നെ രംഗത്തെത്തേണ്ടിയും വന്നു. കോടതിയോട് വിയോജിച്ച് രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് രാജി വച്ചൊഴിഞ്ഞു.

കേസിലെ അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെ വിസ്താരമാണ് ബാക്കിയുള്ളത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ് .അന്വേഷണത്തിനായി കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്ന അടുത്ത മാസം ഒന്നിന് ശേഷം ബൈജു പൗലോസിന്‍റെ വിസ്താരം നടക്കും. പുനരന്വേഷണം റദ്ദാക്കണമെന്നും വധഗൂഢാലോചന കേസിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കി ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ കക്ഷി ചേരുന്നതിനായി നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായുള്ള നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണവും നടത്തിവരികയാണ്.



TAGS :

Next Story