'ടീകോമിനെ ഒഴിവാക്കുന്നത് വിചിത്ര തീരുമാനം; നഷ്ടപരിഹാരം എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം'; വി.ഡി സതീശൻ
"ടീകോമിന് നഷ്ടപരിഹാരമെന്ന് പറഞ്ഞാൽ സർക്കാറിന് വീഴ്ച പറ്റിയെന്നാണർഥം"; വി.ഡി സതീശൻ
തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കുന്നത് വിചിത്രമായ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരാണ് തകർച്ചയുടെ ഉത്തരവാദിയെന്ന് അന്വേഷിക്കണം, 90,000 ജോലി കിട്ടേണ്ട പദ്ധതിയായിരുന്നു ഇത്, ടീകോമിന് നഷ്ടപരിഹാരം കൊടുക്കും എന്ന് പറഞ്ഞാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. പദ്ധതി എന്തുകൊണ്ട് മുന്നോട്ടുപോകുന്നില്ല എന്ന് മുഖ്യമന്ത്രി അന്വേഷിക്കാത്തതെന്തുകൊണ്ടാണെന്ന് ചോദ്യമുന്നയിച്ച പ്രതിപക്ഷനേതാവ് ഭൂമി കച്ചവടമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ടീകോമിന് നഷ്ട പരിഹാരം കൊടുക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയണം. ടീകോമിനാണ് വീഴ്ചയെങ്കിൽ എന്തിന് നഷ്ടപരിഹാരം കൊടുക്കണം.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ടീകോമിനെതിരെ നടപടി സ്വീകരിക്കുകയും മന്ത്രിസഭ തീരുമാനം റദ്ദാക്കുകയും ചെയ്യണം. സർക്കാർ തീരുമാനം അഴിമതിയാണ്, സംഭവത്തിൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഐടി വകുപ്പിനുമാണ്.
തീരുമാനം അടിയന്തരമായി റദ്ദു ചെയ്തു നടപടി എടുക്കണം, സ്ഥലം തിരിച്ചെടുത്ത് എന്ത് ചെയ്യാൻ പോകുന്നു എന്ന് സർക്കാർ വ്യക്തമാക്കണം. 426 ഏക്കർ ഭൂമി ആർക്കോ കൊടുക്കാൻ പദ്ധതി ഇടുന്നുവെന്നും ചെന്നിത്തല ആരോപണമുന്നയിച്ചു. ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് ആരെ സഹായിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു. വാഗ്ദാനലംഘനവും കരാർ ലംഘനം നടത്തിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. ടീകോമിന്റെ പ്രതിനിധിയായ ബാജു ജോർജിനെ കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള സമിതിയിൽ ചേരുന്നത് അഴിമതിയാണെന്നും ടി കോമിനെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
വാർത്ത കാണാം -
Adjust Story Font
16