ഏകജാലക സംവിധാനത്തെക്കുറിച്ചുള്ള ധാരണക്കുറവ് അട്ടപ്പാടിയിലെ പ്ലസ് വൺ വിദ്യാർഥികളെ വലച്ചതായി ആക്ഷേപം
അട്ടപ്പാടിയിലെ സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ നിരവധി വിദ്യാർഥികൾക്ക് നൂറുകിലോമീറ്ററിനപ്പുറമുള്ള സ്‌കൂളിലാണ് പ്രവേശനം ലഭിച്ചത്
അട്ടപ്പാടി: സ്‌കൂൾ ട്രാൻസഫർ വൈകിയതും ഏകജാലക സംവിധാനത്തെക്കുറിച്ചുള്ള ധാരണക്കുറവും അട്ടപ്പാടിയിലെ പ്ലസ് വൺ വിദ്യാർഥികളെ വലച്ചതായി ആക്ഷേപം. അട്ടപ്പാടിയിലെ സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ തന്നെ നിരവധി വിദ്യാർഥികൾ നൂറുകിലോമീറ്ററിനപ്പുറമുള്ള സ്‌കൂളിലാണ് പ്രവേശനം ലഭിച്ചത്. അട്ടപ്പാടിയിലെ സ്‌കൂളിലേക്ക് മാറ്റം കിട്ടാത്തതോടെ പലരും പഠനം നിർത്തി.
പാടവയൽ ഊരിലെ നിധീഷിന് അഡ്മിഷൻ ലഭിച്ചത് പാലക്കാട് നഗരത്തിലെ ബിഗ് ബസാർ സ്‌കൂളിൽ. താമസം സ്‌കൂളിൽ നിന്ന് ആറു കിലോമീറ്ററകലെയുള്ള ഹോസ്റ്റലിൽ. നിധീഷിനെ പോലെ നിരവധി വിദ്യാത്ഥികളാണ് ദൂര സ്ഥലങ്ങളിൽ പോയി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. അതേ സമയം തന്നെ അട്ടപ്പാടിയിലെ മൂന്നു സർക്കാർ സ്‌കൂളുകളിലായി 281 പ്ലസ് വണ് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ആദ്യ അലോട്ട്‌മെന്റുകളിൽ മറ്റ് സ്ഥലങ്ങളിലെ നിരവധി വിദ്യാത്ഥികൾ അട്ടപ്പാടിയിലെ സ്‌കൂളുകളിൽ പ്രവേശനം നേടി. അതിനാൽ മാർക്ക് കുറഞ്ഞ അട്ടപ്പാടിയിലെ കുട്ടികൾക്ക് നഗരങ്ങളിലെ സ്‌കൂളിലെ സംവരണ സീറ്റിൽ പ്രവേശനം നേടേണ്ടിവന്നു.
സ്‌കൂൾ ട്രാൻസ്ഫർ വൈകിയതും അതിന് അപേക്ഷിക്കുന്നതിനെക്കുറിച്ച ആദിവാസി വിദ്യാർഥികളുടെ ധാരണക്കുറവ് കൂടിയായതോടെ സീറ്റ് ഒഴിഞ്ഞിട്ടും അട്ടപ്പാടിയിലെ സ്‌കൂളിലേക്ക് തിരികെ വരാൻ അവർക്കായില്ല. ഏകജാലക സംവിധാനം മുഖേനയുളള പ്രവേശന നടപടികളിൽ ആദിവാസി വിദ്യാർഥികൾ പ്രത്യേക സഹായം നല്കാൻ കഴിയാത്തതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്.
Adjust Story Font
16